cable
കടവന്ത്രയിൽ യു.ഡി.എഫ് കൗൺസില‌ർമാർ കേബിൾ മുറിച്ച് പ്രതിഷേധിക്കുന്നു

കൊച്ചി: കേബിളിൽ കുരുങ്ങിയുള്ള അപകടം വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കടവന്ത്ര റോഡിലെ അപകടകരമായ കേബിളുകൾ മുറിച്ചുമാറ്റി. പ്രതിഷേധം പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു.

കേബിൾ അപകടം നഗരത്തിൽ നിത്യസംഭവമായ പശ്ചാത്തലത്തിൽ കോടതി ഇടപെട്ടപ്പോൾ അപകടകരമായ കേബിളുകളും ടാഗ് ചെയ്യാത്ത കേബിളുകളും 10 ദിവസത്തിനുള്ളിൽ നീക്കം ചെയ്യുമെന്ന് കോടതിയെ അറിയിച്ചതിന് ശേഷവും കേബിൾ അപകടങ്ങൾ തുടരുകയാണെന്ന് ആന്റണി കുരീത്തറയും യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു.

നിരവധി തവണ കൗൺസിലിൽ ഈ വിഷയം ചർച്ച ചെയ്തപ്പോൾ കേബിളുകൾ നീക്കം ചെയ്യുമെന്ന് മേയർ ഉറപ്പ് നൽകിയതാണ്. മേയറുടെ ഉറപ്പ് പഴയ ചാക്ക് പോലെയായെന്നും ഇരുവരും കുറ്റപ്പെടുത്തി.

പൊതുജനങ്ങളുടെ ജീവന് അപകടകരമായ കേബിളുകൾ വലിയ ഭീഷണി ഉയർത്തുമ്പോൾ കേബിൾ കമ്പനികൾക്ക് ഡിപ്പോസിറ്റിനത്തിൽ കോടികൾ തിരികെ നൽകാൻ കാണിക്കുന്ന ഉത്സാഹം എന്തുകൊണ്ടാണ് കേബിൾ നീക്കം ചെയ്യുന്ന കാര്യത്തിൽ മേയർ കാണിക്കാത്തതെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. കൗൺസിലർ‌മാരായ വി.കെ. മിനിമോൾ, ആന്റണി പൈനുന്തറ, മാലിനി കുറിപ്പ്, മനു ജേക്കബ്, സക്കീർത്തമ്മനം, ബെൻസി ബെന്നി, രജനി മണി, മിനി ദിലീപ്, വിന്നാ വിവേര, സീന എന്നിവർ സംസാരിച്ചു.