തൃപ്പൂണിത്തുറ: ബസ് ബേ, ജംഗ്ഷനുകളുടെ വികസനം എന്നിവ ഉൾപ്പെടുത്തി പദ്ധതിരൂപരേഖയിൽ മാറ്റം വരുത്തിയതോടെ വൈക്കം റോഡിന്റെ വികസനം ഇനിയും നീളും. കഴിഞ്ഞ മുപ്പതു വർഷമായി പദ്ധതി നീളുകയാണ്. 2017 ൽ 300 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് 2020 ൽ 450 കോടിയുടെ സാമ്പത്തികാനുമതിയും ലഭിച്ചിരുന്നു. നവകേരള സദസിൽ ട്രൂറ നൽകിയ പരാതിക്ക് മറുപടിയായി പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനിയറാണ് വിവരം അറിയിച്ചത്.
രണ്ടു ഘട്ടങ്ങളിലായി 22 മീറ്റർ വീതിയിൽ നാലുവരിപ്പാത എസ്.എൻ. ജംഗ്ഷൻ മുതൽ പുതിയകാവുവരെയും പുതിയകാവ് മുതൽ പൂത്തോട്ടവരേയും കിഫ്ബി മുഖേന നിർമിക്കുന്നതിനുള്ള തീരുമാനമാണ് സർക്കാർ എടുത്തിരുന്നത്. തുടർന്ന് അലൈമെന്റ് തയ്യാറാക്കുകയും അതിർത്തി കല്ല് സ്ഥാപിക്കുകയും ചെയ്തിരുന്നു. സാമൂഹിക ആഘാതപഠന റിപ്പോർട്ട് വിദഗ്ദ്ധ സമിതി അംഗീകരിച്ച് നിർമ്മാണം ആരംഭിക്കുന്ന ഘട്ടത്തിലാണ് റോഡ് അലൈൻമെന്റിൽ മാറ്റം വരുത്തി കിഫ്ബി തീരുമാനം. ഇതോടെ പുതിയ സർവേ നടത്താൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു.
വൈക്കം റോഡ് വികസനം നീണ്ടുപോകുന്നതാണ് തൃപ്പൂണിത്തുറയിലെ ഗതാഗത കുരുക്കിന്റെ കാരണമെന്ന് ട്രൂറ ചെയർമാൻ വി.പി. പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും പറഞ്ഞു.