കൊച്ചി: എ.ഇ ഓഫീസ്, ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ്, ബി.ആർ.സി ഓട്ടിസം സെന്റർ തുടങ്ങി ആറോളം ഒഫീസുകൾ എസ്.ആർ.വി സ്കൂളിന്റെ മുറികൾ കൈയേറിയതോടെ കുട്ടികൾക്ക് പഠിക്കാൻ ക്ലാസ് മുറികളില്ല. 600ലേറെ കുട്ടികൾ പഠിക്കുന്ന എറണാകുളം എസ്.ആർ.വി സ്‌കൂളിന്റെ അവസ്ഥയാണിത്. എൽ.പി സ്‌കൂൾ വളപ്പിൽ സർവ ശിക്ഷാ അഭിയാൻ ജില്ലാ ഓഫീസ്, സ്‌കോൾ കേരള ഓപ്പൺ സ്‌കൂൾ ഓഫീസ്, എറണാകുളം സബ്ബ് ജില്ലയിലെ ഒന്നുമുതൽ 10 വരെ കുട്ടികളുടെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്ന ടെക്സ്റ്റ് ബുക്ക് ഡിപ്പോ എന്നിവ പ്രവർത്തിക്കുന്നു.
ഇതോടെസ്‌കൂളിന്റെ സുഗമമായ പ്രവർത്തനം, കുട്ടികളുടെ സുരക്ഷ, സ്‌കൂളിന്റെ വിപുലീകരണം എന്നിവ പ്രതിസന്ധിയിലാണ്. യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന എം.ജി റോഡ് ഭാഗത്തെ വളപ്പിൽ എന്നിവയുണ്ട്.
ലാബും അധിക ബാച്ചും നഷ്ടം
നഗരസഭാ പരിധിയിലെ സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സജ്ജീകരിക്കാൻ കൊച്ചി കോർപ്പറേഷന്റെ പദ്ധതിയുണ്ട്. ഒന്നരക്കോടി ലഭിക്കും. മുറികളില്ലാത്ത ഒറ്റക്കാരണത്താൽ ഇത് ലഭിക്കുന്നില്ല. സ്‌കൂൾ വളപ്പിലെ ഓഫീസുകൾ മാറ്റിയാൽ സുഗമമായി ലാബ് സജ്ജീകരിക്കാം.
ഹയർ സെക്കൻഡറി തലത്തിൽ കൂടുതൽ ബാച്ചുകൾ ലഭിക്കാനുള്ള എല്ലാ അർഹതയും സ്‌കൂളിനുണ്ട്. എന്നാൽ ഇതിനും വിഘാതം ക്ളാസ് മുറികളുടെ കൈയേറ്റമാണ്.
പലപ്പോഴും വാക്കുതർക്കം..
എറണാകുളം, തൃശൂർ ജില്ലകളിലെ ജീവനക്കാരും അദ്ധ്യാപകരും ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വരും. ഇവരുടെ വാഹനങ്ങൾ സ്‌കൂൾ വളപ്പിൽ പാർക്ക് ചെയ്യുന്നത് സംബന്ധിച്ചും തർക്കങ്ങൾ പതിവാണ്. സ്‌കൂളിന്റെ ഗേറ്റ് പൂട്ടിയിടരുതെന്നും തങ്ങളുടെ വാഹനങ്ങൾ ഉള്ളിൽ തന്നെ പാർക്ക് ചെയ്യണമെന്നുമാണ് ഇങ്ങനെയെത്തുന്ന ജീവനക്കാരുടെ ആവശ്യം. എന്നാൽ ഇത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്നുണ്ട്. പുറമേ പനമ്പള്ളി നഗർ സ്‌കൂളിൽ നിന്നുള്ള കുട്ടികളെയും ഈ അദ്ധ്യയന വർഷം മുതൽ ഇവിടേക്ക് എത്തിക്കുമെന്നാണ് വിവരം.
സ്‌കൂൾ വളപ്പിലെ ഓഫീസുകളും ജീവനക്കാരും
എറണാകുളം എ.ഇ ഓഫീസ്- 15
എച്ച്.എസ്.എസ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ്(തൃശൂർ എറണാകുളം ജില്ലകളുടെ ചുമതല)- 10-15
ബി.ആർ.സി ഓട്ടിസം സെന്റർ- മൂന്ന്
എസ്.എസ്.കെ ജില്ലാ ഓഫീസ്- 15
സ്‌കോൾ കേരള ഓപ്പൺ സ്‌കൂൾ ഓഫീസ്- മൂന്ന്
ടെക്സ്റ്റ് ബുക്ക് ഡിപ്പോ- മൂന്ന്
വിദ്യാർത്ഥികൾ: വിഭാഗം, എണ്ണം എന്ന കണക്കിൽ
എൽ.പി- 30
യു.പി- 35
എച്ച്.എസ്- 60
എച്ച്.എസ്.എസ്- 360
വി.എച്ച്.എസ്.ഇ- 120
സ്‌കൂൾ വളപ്പ് ആകെ സ്ഥലം- 5 ഏക്കർ