പറവൂർ: ജനസേവ സമിതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാഷണൽ എൻ.ജി.ഒ കോൺഫിഡറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ ഭാഗമായി വനിതകൾക്കുള്ള ഇരുചക്രവാഹനങ്ങളുടെ വിതരണം ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് കെടാമംഗലം കവിത ഇവന്റ് ഹബ്ബിൽ നടക്കും. വുമൺ ഓൺ വീൽസ് പദ്ധതിയിൽ അമ്പത് ശതമാനം സബ്സിഡിയോടെ 600 വനിതകൾക്കാണ് ഇരുചക്രവാഹനങ്ങൾ നൽകുന്നത്. മുൻ ഡി.ജി.പി. ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ ഡോ. എൻ. മധു അദ്ധ്യക്ഷത വഹിക്കും. നാഷണൽ എൻ.ജി.ഒ കോൺഫഡറേഷൻ ചെയർമാൻ കെ.എൻ. അനന്തകുമാർ താക്കോൽദാനം നടത്തും. കാർബൺ ന്യൂട്രലൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സൈക്കിൾ വിതരണം, മത്സ്യ ബന്ധനം ഉപജീവനമാർഗമായവർക്ക് വിവിധങ്ങളായ ഉപജീവനോപാധികൾ, നദികളുടെ പുനരുജ്ജീവനം എന്നീ പദ്ധതികളും ട്രസ്റ്റ് ഏറ്റെടുക്കുമെന്ന് ചെയർമാൻ ഡോ. എൻ മധു, ജനറൽസെക്രട്ടറി സി.ജി. മേരി എന്നിവർ പറഞ്ഞു.