road-mark

പെരുമ്പാവൂർ: വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് പെരുമ്പാവൂർ പുഷ്പാ ജംഗ്ഷനിൽ കഴിഞ്ഞ ഞായറാഴ്ച നടപ്പിലാക്കിയ പ്രത്യേക റോഡ് ബ്ളോക്ക് മാർക്കിംഗ്. പെരുമ്പാവൂർ പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളിലൊന്നായ പുഷ്പാജംഗ്ഷനിലെ റോഡ് മാർക്കിംഗ് 2019-ലെ മോട്ടോർ വെഹിക്കിൾ ആക്ടിനു വിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നിയമജ്ഞരും പറയുന്നു. പുഷ്പാ ജംഗ്ഷനിൽ നടത്തിയ പ്രത്യേക റോഡ് മാർക്കിംഗ് മഞ്ഞയ്ക്കു പകരം വെള്ള നിറം നൽകിയതാണ് അബദ്ധമായത്. നിശ്ചിത വലുപ്പത്തിൽ മഞ്ഞ നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ബോക്സിൽ വാഹനങ്ങൾ നിർത്താനും കാൽ നടക്കാർ നിൽക്കാനും പാടില്ലെന്നാണ് നിയമം. എന്നാൽ മഞ്ഞയ്ക്കു പകരം വെള്ള മാർക്കിംഗ് ചെയ്തതോടെ കാര്യങ്ങൾ നേരെ തകിടം മറിഞ്ഞു. വെള്ള മാർക്കുള്ള ബോക്സ് എന്തിനെന്നറിയാതെ കുഴങ്ങുകയാണ് ഡ്രൈവർമാർ. എം.സി. റോഡും എ.എം. റോഡും സന്ധിക്കുന്ന നഗരത്തിലെ പ്രധാന ജംഗ്ഷന് 50 മീറ്ററോളം മാറിയാണ് പുഷ്പ ജംഗ്ഷൻ. പച്ചക്കറി മാർക്കറ്റിലേക്കും കെ. എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്കും തിരിയുന്ന പ്രധാന ജംഗ്ഷനാണിത്. സിഗ്നൽ ലൈറ്റുകൾ ഇല്ലാത്ത ഇവിടെ പൊലീസുകാരാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഇവിടെ അപകടങ്ങളും പതിവാണ്. മുന്നറിയിപ്പ് ബോർഡുകളോ റോഡ് മാർക്കിംഗോ ഇവിടെ ഉണ്ടായിരുന്നില്ല.

പെരുമ്പാവൂർ പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ താൽക്കാലിക പരിഹാരത്തിനായി റോഡിൽ പ്രത്യേക മാർക്കിംഗ് രേഖപ്പെടുത്തണമെന്ന നിർദ്ദേശം മൂന്നു വർഷം മുമ്പ് പെരുമ്പാവൂരിലെ മോട്ടോർ വാഹന ഇൻസ്പെകറായിരുന്ന സജി മോസസാണ് അധികൃതർക്ക് മുമ്പാകെ വച്ചത്. എന്നാൽ അന്നത്തെ ഭരണ സമിതി നിർദേശം നടപ്പാക്കിയില്ല. പിന്നീട് ബിജു ജോൺ ജേക്കബ് നഗരസഭ ചെയർമാനായി ചുമതലയേറ്റപ്പോൾ സജി മോസസ് വീണ്ടും ഇക്കാര്യം മുന്നോട്ടു വച്ചു. ഇതേ തുടർന്നാണ് പി.ഡബ്ളിയു. ഡി. എൻജിനീയറുടെ അംഗീകാരത്തോടെ ഈ മാസം 24 ന് നഗരസഭ എൻജിനീയറിംഗ് വിഭാഗം ഇവിടെ പ്രത്യേക ഗോഡ് മാർക്കിംഗ് നടത്തിയത്. പുഷ്പ ജംഗ്ഷൻ കൂടാതെ എം.സി റോഡിൽ തന്നെ ബെഥേൽ സുലോക്കോ പള്ളി, കത്തോലിക്കാ പള്ളി, എ.എം. റോഡിൽ ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിലും മാർക്കിങ് നടത്തണമെന്നും നിർദേശമുണ്ടായിരുന്നു.

മഞ്ഞയ്ക്കു പകരം വെള്ള നിറത്തിൽ മാർക്ക് ചെയ്തത് എന്തുകൊണ്ടെന്ന് അറിയില്ല. നി‌ർദ്ദേശിച്ചത് മഞ്ഞനിറം ഉപയോഗിക്കാൻ

ബിജു ജോൺ ജേക്കബ്

മുനിസിപ്പൽ ചെയർമാൻ