 
മൂവാറ്റുപുഴ: മൂവാറ്റുപുഴ - തേനിറോഡിൽ ഞായറാഴ്ച രാത്രി ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ആവോലി ഏനാനല്ലൂർ സ്വദേശി പോത്തനാമുഴിയിൽ ബിജു വിൻസെന്റാണ് (36) മരിച്ചത്. തൊടുപുഴ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബിജു സഞ്ചരിച്ച ബൈക്ക് പെരുമാംകണ്ടത്തിന് സമീപമുള്ള വളവിൽ വച്ച് റോഡരികിലെ പറമ്പിലേക്ക് മറിയുകയായിരുന്നു.
രാത്രി ആയതിനാൽ അപകടം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇന്നലെ രാവിലെ 7ഓടെ നാട്ടുകാരാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കല്ലൂർക്കാട് പൊലീസും ഫയർഫോഴ്‌സുമെത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ്: വിൻസെന്റ്. മാതാവ്: ആനി. ഭാര്യ: ജിനു. സംസ്‌കാരം പിന്നീട്.