കോതമംഗലം : ഇടത് മുന്നണി സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കോതമംഗലത്തെത്തും. കോതമംഗലം ടൗൺ യുപിസ്‌കൂളിന് സമീപത്തുള്ള ഗ്രൗണ്ടിൽ രാവിലെ 10 ന് നടക്കുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രമുഖ നേതാക്കളും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കും. മുഖ്യമന്ത്രി എത്തുന്നതോടെ തെരഞ്ഞെടുപ്പ് രംഗം കൊഴുക്കുമെന്നാണ് കണക്ക് കൂട്ടൽ. കടന്ന് പോയ അഞ്ച് വർഷക്കാലം ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ യാതൊരു വികസന പ്രവർത്തനങ്ങളും നടത്താതെയും എം പി ഫണ്ടായി അനുവദിച്ച തുക പോലും ചിലവഴിക്കാതെയും മണ്ഡലത്തെ വികസനമുരടിപ്പിലേക്ക് തള്ളിവിടുകയാണ് നിലവിലെ എം പി ചെയ്തതെന്നും ഇതിന് ജനങ്ങളോട് സമാധാനം പറയേണ്ടി വരുമെന്നും വാർത്താ സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. അനിൽകുമാർ പറഞ്ഞു. ഏരിയ സെക്രട്ടറി കെ.എ. ജോയി, അഡ്വ എ.എ. അൻഷാദ് , സി പി ഐ താലൂക്ക് സെക്രട്ടറി പി.റ്റി. ബെന്നി, അഡ്വ.പോൾ മുണ്ടയ്ക്കൽ, മനോജ് ഗോപി, സാജൻ അമ്പാട്ട്, ബേബി പൗലോസ്, ഷാജി പീച്ചക്കര, ആന്റണി പുല്ലൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.