
മരട്: നഗരസഭകളുടെ പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് ഒമ്പതാം സ്ഥാനവും നേടി മരട് നഗരസഭ. ബഡ്ജറ്റ് വിഹിതമായ 8.38 കോടിയിൽ 100ശതമാനം പദ്ധതികളും പൂർത്തിയാക്കിയാണ് ഒന്നാം സ്ഥാനത്തിന് അർഹമായത്. മരട് നഗരസഭയിൽ മാത്രം ജനറൽ വിഭാഗത്തിൽ 62 പ്രോജക്ടുകളിലായി 82,83,181 രൂപയുടെ ബില്ലുകളും എസ്.സി വിഭാഗത്തിൽ ഏഴു പ്രോജക്ടുകളിലായി 55,03,818 രൂപയുമാണ് ഇനിയും ട്രഷറിയിൽ നിന്ന് മാറ്റി നൽകാത്തത്. ഇത്തരത്തിൽ 100% പദ്ധതികൾ പൂർത്തിയാക്കിയിട്ടും ട്രഷറിയിൽ നിന്ന് സാങ്കേതിക തടസങ്ങൾ മൂലം സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടെന്ന് ചെയർമാൻ ആൻറണി ആശാൻപറമ്പിൽ പറഞ്ഞു. ബില്ല് മാറുന്നതിന് കാലതാമസം വരുത്തുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചെയർമാൻ സംസ്ഥാന ധനവകുപ്പ് മന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും കത്തയച്ചിട്ടുണ്ട്.