കാലടി: ക്രിസ്തുവിന്റെ അപ്പസ്‌തോലനായ മാർ തോമാശ്ലീഹ സഞ്ചരിച്ച് സുവിശേഷം പ്രഘോഷിച്ച പുണ്യഭൂമിയിലേക്ക് ഇതുവരെയില്ലാത്ത ഭക്തജന പ്രവാഹമാണ് ഈ വർഷം അനുഭവപ്പെടുന്നതെന്ന് വ്യാപാരികളും, ഓട്ടോറിക്ഷാ തൊഴിലാളികളും പറയുന്നു. വർഷങ്ങളായി മെഴുകുതിരി കച്ചവടത്തിനെത്തുന്ന പാലാ സ്വദേശി പാപ്പച്ചൻ ഇക്കുറി വ്യാപാരത്തിൽ പൂർണ തൃപ്തനാണ്. ചൂടു കൂടുന്നതിനാൽ ഇളനീർ വിൽപക്കാർക്കും ശീതളപാനിയ വിൽപക്കാരും വ്യാപാരം പൊടി പൊടിക്കുന്ന ത്രില്ലിൽ തന്നെയാണ്. കെ.എസ്.ആർ.ടി വിവിധ ഡിപ്പോകളിൽ നിന്നും സ്വകാര്യ ബസുകൾ സ്‌പെഷ്യൽ പെർമിറ്റിലും സർവീസ് നടത്തുന്നുണ്ട്. എങ്കിലും സ്വകാര്യ വാഹനങ്ങളിലാണ് ഏറെ പേരും ഇവിടെ എത്തുന്നതെന്ന് പൊലീസ് അധികാരികൾ പറഞ്ഞു. അത് റോഡ് ബ്ലോക്കിനും പാർക്കിംഗിനും പ്രതിസന്ധിയുണ്ടാക്കുന്നു. 450 മുകളിൽ പൊലീസ് ഉദ്ദ്യോഗസ്ഥർ സേവനത്തിനു എത്തിയിട്ടുള്ളതായി കാലടി എസ്.എച്ച്. ഒ കേരള കൗമുദിയോടു പറഞ്ഞു . അടിവാരത്തെ ചിൽഡ്രൻസും പാർക്കും , ഉല്ലാസ ബോട്ട് സർവീസും തീർത്ഥാടകർ പരമാവധി പ്രയോജനപ്പെടുത്തുന്നതായി കാണാം. മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് കുടിവെള്ള മുൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. വനം വകുപ്പു ഉദ്യോഗസ്ഥർ , അഗ്‌നിശമന സേനാ വിഭാഗങ്ങൾ, കാട്ടാന ശല്യം ഏറെയുള്ള കാനന പാതകൾക്ക് ഇരുവശവും വൈദ്യുത ദീപാലങ്കാരത്താൽ പ്രദേശം വെളിച്ച മയമാക്കി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സജീവമാണ്. ആരോഗ്യ വകുപ്പും, ലീഗൽ മെട്രോളജിയും, സന്നദ്ധ സേവകരുംചേർന്ന് മലയാറ്റൂർ തിരുനാൾ ഗംഭീരമാക്കുന്നു. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ട്. ജാതി, മത ഭേദമന്യേ ലക്ഷങ്ങൾ മല ചവിട്ടി അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിനായി എത്തുന്നു. ഫാ. ജോസ് വടക്കൻ ( സ്പിരിച്വൽ ഡയറക്ടർ ) , ഫാ. ജോസ് ഒഴലക്കാട്ട് ( ഇടവക പള്ളി വികാരി ), ഫാ. നിഖിൽ മുളവരിക്കൽ എന്നിവരും അഗസ്റ്റിൻ വല്ലൂരാൽ, ജോയ് മുട്ടംതോട്ടി, തോമസ് കരോട്ടപ്പുറം ( കൈക്കാരന്മാർ ), ലൂയിസ് പയ്യപ്പിള്ളി (വൈസ് ചെയർമാൻ) എന്നീ ചേർന്ന കമ്മിറ്റിയാണ് തിരുന്നാൾ കർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഏപ്രിൽ 4മുതൽ 7വരെ തിരുനാൾ, 12 മുതൽ 14 വരെ എട്ടാമിടം എന്നിവ ആഘോഷിക്കുമെന്ന് ഇടവകവികാരി ഫാ. ജോസ് ഒഴലക്കാട്ട് പറഞ്ഞു.