ravindra
ചൂടി​ൽ തളരാതെ ജനകീയ വിഷയങ്ങളുമായി​ സ്ഥാനാർത്ഥികൾ

കൊച്ചി: ചാലക്കുടിയിൽ പ്രചാരണം ഉൗർജിതമാക്കി മുന്നണി സ്ഥാനാർത്ഥികൾ. കനത്ത ചൂടും അവഗണിച്ച് ജനകീയപ്രശ്നങ്ങളിൽ ഇടപെട്ടും പരമാവധി വോട്ടർമാരെ നേരിൽക്കണ്ടും വോട്ടുകൾ ഉറപ്പിക്കുകയാണ് സ്ഥാനാർത്ഥികൾ.

പ്രൊഫ. രവീന്ദ്രനാഥ് പെരുമ്പാവൂരിൽ

കൊടുങ്ങല്ലൂർ, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭ മണ്ഡലങ്ങളിലാണ് എൽ.ഡി.എഫിലെ പ്രൊഫ.സി. രവീന്ദ്രനാഥ് പര്യടനം നടത്തിയത്. അന്നമനട മഹാദേവ ക്ഷേത്രത്തിൽ നിന്നായിരുന്നു തുടക്കം. വെള്ളാങ്ങല്ലൂർ ജുമാ മസ്ജിദ്, പ്രൊഫ. കെ.ടി വർഗീസിന്റെ വീട് എന്നിവ സന്ദർശിച്ചു.

പെരുമ്പാവൂർ വല്ലം, കണ്ടെന്തറ, വട്ടക്കാട്ടുപടി ചേരാനെല്ലൂർ ഭാഗങ്ങളിൽ ആരാധനാലങ്ങളും ആശ്രമങ്ങളും മുസ്ലീം ലീഗ് ജില്ലാ മുൻ പ്രസിഡന്റ് എം.പി അബ്ദുൽ ഖാദറിനെയും സന്ദർശിച്ചു.

കൂവപ്പടി മംഗള ഭാരതി ആശ്രമം, മഴുവന്നൂർ, ഐക്കരനാട് എന്നിവിടങ്ങൾ സന്ദർശിച്ചു.

ബെന്നി ബഹനാൻ കൊടുങ്ങല്ലൂരിൽ

യു.ഡി.എഫിലെ ബെന്നി ബഹനാൻ പെരിഞ്ഞനം സമിതി ബീച്ചിൽ കടലാക്രമണത്തിൽ വല നശിച്ച മത്സ്യത്തൊഴിലാളികളെ സന്ദർശിച്ചാണ് പര്യടനം ആരംഭിച്ചത്. കൊടുങ്ങല്ലൂരിലെ മേത്തല, വെള്ളാങ്കല്ലൂർ, പുത്തൻചിറ എന്നിവിടങ്ങളിലായിരുന്നു പര്യടനം. കോട്ടപ്പുറം ചന്ത, പുത്തൻചിറയിലെ കെ. കരുണാകരൻ സ്മാരക സ്പിന്നിംഗ് മിൽ, വെള്ളാങ്കല്ലൂരിലെ സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചു. വിവിധ സ്ഥലങ്ങളിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വോട്ട് അഭ്യർത്ഥിച്ചു. ഇന്ന് പരിയാരം ബ്ലോക്കിലെ കോടശേരി, മേലൂർ എന്നിടങ്ങളിൽ പര്യടനം നടത്തും.

കെ.എ ഉണ്ണികൃഷ്ണൻ അതിരപ്പിള്ളിയിൽ

എൻ.ഡി.എ സ്ഥാനാത്ഥി കെ.എ ഉണ്ണികൃഷ്ണൻ അതിരപ്പിള്ളിയിലെ ഫോറസ്റ്റ് ഓഫീസ്, കോൺവെന്റ്, കച്ചവട സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ എന്നിവ സന്ദർശിച്ചു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, ഉണ്ണി പാർത്ഥൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഇന്ന് കാക്കനാട്ട് നാമനിർദ്ദേശപത്രിക സമർപ്പിക്കും, ചാലക്കുടി, പെരുമ്പാവൂർ കൺവെൻഷനുകളിലും പങ്കെടുക്കും.