കോതമംഗലം: തങ്കളം ദേവഗിരി ശ്രീനാരായണഗുരുദേവ മഹാക്ഷേത്രത്തിലെ 11-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന് ഏപ്രിൽ 5ന് കൊടിയേറും. ഇതിന് മുന്നോടിയായി മഹോത്സവ വിളംബര സന്ദേശരഥഘോഷയാത്ര ഇന്ന് രാവിലെ 9ന് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് നെല്ലിമറ്റം, ഉപ്പുകുളം, തലക്കോട്, നേര്യമംഗലം,ചെമ്പൻകുഴി, മാമലക്കണ്ടം, മണികണ്ടംചാൽ, കുട്ടമ്പുഴ, തട്ടേക്കാട്, പാലമറ്റം, വടാട്ടുപാറ ശാഖകളുടെ സ്വീകരണമേറ്റുവാങ്ങി കരിങ്ങഴ ശാഖയിൽ സമാപിക്കും.
നാളെ രാവിലെ 9 ന് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന വിഗ്രഹ രഥഘോഷയാത്രയ്ക്ക് വെണ്ടുവഴി, ചെറുവട്ടൂർ , മുളവൂർ,കറുകടം, ഇളങ്ങവം, വാരപ്പെട്ടി, പോത്താനിക്കാട്, പൈങ്ങോട്ടൂർ, പനങ്കര, നെടുവക്കാട്, മടിയൂർ, പിണ്ടിമന, കോട്ടപ്പടി ശാഖകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോതമംഗലം ശാഖയിൽ സമാപിക്കും.
ഏപ്രിൽ 5ന് വൈകിട്ട് 7.15നും 8നും മദ്ധ്യേ ക്ഷേത്രം തന്ത്രി നിമേഷ് ശാന്തി കൊടിയേറ്റും. പടി പൂജ, മഹാഗണപതിഹോമം, സ്വാമി ശിവബോധാനന്ദ, ബിജു പുളിക്കലേടത്ത്, സ്വാമി പ്രബോധ തീർത്ഥ , ബിബിൻഷാൻ എന്നിവരുടെ അത്മീയ പ്രഭാഷണങ്ങൾ, ഉണ്ണി ഊട്ട്, കുട്ടികളുടെ കലാപരിപാടി, പിന്നൽ തിരുവാതിര, നാടകം, ഗാനമേള എന്നിവയുണ്ടാകും.
9ന് വൈകിട്ട് 4 ന് വർണ്ണോജ്വല മഹാരഥ ഘോഷയാത്ര. രാത്രി 7 ന് സംസ്കാരിക സമ്മേളനം എസ്.എസ്.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ചടങ്ങുകൾക്ക് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ. സോമൻ, ക്ഷേത്രം കൺവീനർ പി.വി. വാസു, യൂണിയൻ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.