bottil
പുണ്യയും പൂജയും ബോട്ടിൽ ആർട്ടിൽ തീർത്ത സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ

മൂവാറ്റുപുഴ: ബോട്ടിൽ ആർട്ടിൽ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ഒരുക്കി പൂജയും പുണ്യയും . വീട്ടൂർ എബനൈസർ ഹയർസെക്കണ്ടറി സ്‌കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളും മുളവൂർ ഒലിയപ്പുറത്ത് രമേശന്റെയും രാധികയുടെയും ഇരട്ടകുട്ടികളുമായ പൂജ രമേശും പുണ്യ രമേശുമാണ് ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്, യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ എന്നിവരുടെ ചിത്രങ്ങൾ ബോട്ടിൽ ആർട്ടിൽ തീർത്തത്. രാജ്യത്തെ പ്രധാന സംഭവങ്ങളും കായിക മത്സരങ്ങളും നടക്കുമ്പോൾ താരങ്ങളുടെയും പ്രധാന വ്യക്തികളുടെയും ചിത്രങ്ങൾ ബോട്ടിൽ ആർട്ടിൽ വരയ്ക്കുന്നത് ഇവർക്ക് പതിവാണ്. പരീക്ഷ കഴിഞ്ഞ് ലഭിച്ച ഇടവേളകളിലാണ് തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ചിത്രം വരച്ചത്. കഴിഞ്ഞ വർഷം ഓൺലൈനിൽ ലൈവായിട്ട് നടന്ന മത്സരത്തിൽ ഒരു മണിക്കൂറിൽ ഇരുവരും ചേർന്ന് 40 രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക -കായിക - ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ചിത്രങ്ങളാണ് വരച്ചത്. ഇതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഇവർ സ്വന്തമാക്കിയിരുന്നു ചില്ല് കുപ്പിയിലെ വൈറ്റ് പ്രതലത്തിൽ ബ്ലാക്ക് മഷിയിലാണ് ചിത്രങ്ങൾ തീർത്തത്. തങ്ങളെ കാണാൻ എത്തുന്ന സ്ഥാനാർത്ഥികൾക്ക് ചിത്രങ്ങൾ സമ്മാനിക്കുമെന്ന് പുണ്യയും പൂജയും പറഞ്ഞു.