നെടുമ്പാശേരി: കൊടും ചൂടിൽ കാർഷിക മേഖല കരിഞ്ഞുണങ്ങുമ്പോഴും നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ ആനപ്പാറ - ആവണംകോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ പ്രവർത്തിപ്പിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായി. കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതിന് പുറമെ സമീപത്തെ കിണറുകളിൽ നീരുറവയും നിലച്ചതോടെ കുടിവെള്ള ക്ഷാമവും വർദ്ധിച്ചതായി നാട്ടുകാർ ആരോപിച്ചു.
മോട്ടോർ തകരാറിലായതിന്റെ പേരിലാണ് ആനപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പിംഗ് മുടങ്ങിയിതെങ്കിൽ ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന്റെ പേരിലാണ് ആവണംകോട് ലിഫ്ട് ഇറിഗേഷൻ പദ്ധതി അവതാളത്തിലായത്. മോട്ടോർ തകരാറിന്റെ പേരിൽ ഒന്നര മാസത്തിലേറെയായി പമ്പിംഗ് നിലച്ചതിനെ തുടർന്ന് മേക്കാട്, കാരക്കാട്ടുകുന്ന്, പൊയ്ക്കാട്ടുശേരി മേഖലകളിലാണ് ജലക്ഷാമം രൂക്ഷമായത്. ആവണംക്കോട് ലിഫ്ട് ഇറിഗേഷൻ പദ്ധതിയിൽ രണ്ട് മോട്ടോറുകളാണ് വെള്ളം പമ്പ് ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്നത്. പദ്ധതി പ്രദേശത്തെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടക്കുന്നതിന്റെ പേരിൽ ആഴ്ചകളായി ഇവിടെ ഒരു മോട്ടോർ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. അതിനാൽ തുരുത്തിശേരി, അത്താണി, എയർപോർട്ട് നഗർ, അകപ്പറമ്പ് ഭാഗങ്ങളിലാണ് വെള്ളം കിട്ടാതായത്.
ജനപ്രതിനിധികളുടെ ഉപരോധം:
അറ്റകുറ്റപ്പണി ഉടൻ പരിഹിക്കുമെന്ന് അധികൃതർ
ആനപ്പാറ ലിഫ്ട് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ മോട്ടോർ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കി പമ്പിംഗ് പുനരാരംഭിക്കുമെന്ന് ആലുവ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിലിന്റെ നേതൃത്വത്തിലുള്ള ഉപരോധത്തിന് പിന്നാലെയാണ് ഉറപ്പ് ലഭിച്ചത്. ആവണംകോട് ലിഫ്ട് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ രണ്ടാമത്തെ മോട്ടോറും ഇന്നലെ തന്നെ പ്രവർത്തിപ്പിച്ചു തുടങ്ങി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ഭരതൻ, വികസനകാര്യ ചെയർപേഴ്സൺ ബിജി സുരേഷ്, വാർഡ് മെമ്പർ കെ.എ. വറിയത്, അജിത അജയൻ, കെ.എ. അബി, പി.പി. സാജു, എ.എസ്. സുരേഷ്, ബഹന്നാൻ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.