u
വഴിവിളക്കുകൾ ഇല്ലാതെ ചോറ്റാനിക്കര എരുവേലി റോഡ് ഇരുട്ടിൽ ആയപ്പോൾ

ചോറ്റാനിക്കര :വഴിവിളക്കുകൾ കത്തുന്നില്ല, സാമൂഹിക വിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും ശല്യം കാരണം വഴിനടക്കാനാകാത്ത സ്ഥിതി, മാലിന്യം നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കാൻ പ്രയാസപ്പെടുന്ന ജനങ്ങൾ. ഇതു ചോറ്റാനിക്കര നിവാസികൾ നേരിടുന്ന ദുരിതങ്ങളാണ്. പരിഹാരത്തി​ന് അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ പ്രദേശവാസികൾ ബുദ്ധിമുട്ടുന്നു. ചോറ്റാനിക്കരയിലെ വിവിധ വാർഡുകളിലെ പ്രദേശത്തു കൂടി രാത്രിയിൽ സഞ്ചരിക്കണമെങ്കിൽ കയ്യിൽ ഒരു ടോർച്ചു കൂടി കരുതണം. കാരണം ഈ പ്രദേശത്തെ മിക്ക വഴിവിളക്കുകളും കത്താതായിട്ട് നാളുകളായി.

എരുവേലി, ചോറ്റാനിക്കര ജംക്‌ഷൻ , തലക്കോട് സെന്റ് മേരീസ് സ്കൂൾ റോഡ് എന്നിവിടങ്ങളിൽ കഞ്ചാവിന്റെയും വിൽപന കേന്ദ്രമായി മാറി. പൊലീസിന്റെ പട്രോളിംഗ് ഈ ഭാഗത്ത് വല്ലപ്പോഴും മാത്രമായി ചുരുങ്ങിയതാണ് കാരണമത്രെ. സന്ധ്യ സമയങ്ങളിലും പുലർച്ചെയുമാണ് വില്പന സംഘങ്ങൾ ഈ ഭാഗങ്ങൾ കേന്ദ്രീകരിക്കുന്നത്. സന്ധ്യ സമയങ്ങളിലാണ് കൂടുതൽ വില്പന. ചോറ്റാനിക്കര ദേവീക്ഷേത്രം കേന്ദ്രീകരിച്ച് പിടിച്ചുപറി സംഘങ്ങളും വിലസുന്നുണ്ട്.

റോഡുകൾ കയ്യടക്കി തെരുവുനായ്ക്കൾ

ചോറ്റാനിക്കര പ്രദേശത്തെ റോഡുകളെല്ലാം തെരുവുനായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്. നായ്ക്കൾ കൂടുതലായും തമ്പടിക്കുന്നത് തെക്കിനേത്തുനിരപ്പ്, നാഗ പാടി, പാലസ് സ്ക്വയർ, എരുവേലി, ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപം, കുരീക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ്.

തലക്കോട് സെന്റ് മേരീസ് സ്കൂളിലേക്ക് പോകുന്ന റോഡിലാണ് നായകൂട്ടങ്ങളുടെ വിഹാരം . ഇതു കാരണം സ്കൂൾ കുട്ടികൾക്കും പുലർച്ചെ നടക്കാനിറങ്ങുന്നവരും പ്രയാസപ്പെടുകയാണ്.

അത്രയ്ക്കും ശല്യമാണ് ഈ സ്ഥലത്തു കേന്ദ്രീകരിച്ചിരിക്കുന്ന നായ്ക്കൾ. സ്ത്രീകളും കുട്ടികളും ഭയന്നാണ് റോഡുകളിലൂടെ സഞ്ചരിക്കുന്നത്. മാലിന്യം തിന്നാൻ എത്തുന്ന നായകളാണ് ആളുകളെ ആക്രമിക്കുന്നത്. പ്രദേശത്ത് മാലിന്യം ഇടുന്നവരെ പിടിക്കുവാൻ ചോറ്റാനിക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ 14 വാർഡുകളും ക്യാമറ സ്ഥാപിച്ചു എങ്കിലും ക്യാമറ മെയിന്റനൻസ് വർക്കിന് വേണ്ടി എടുത്തതിനാൽ എല്ലാ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം തകൃതിയായി നടക്കുകയാണ് ഇതാണ് പെരുവ നായ ശല്യം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ക്യാമറകൾ പുനസ്ഥാപിച്ചു കഴിഞ്ഞാൽ റോഡിൽ മാലിന്യം എറിയുന്നവരുടെ ശല്യം കുറയുമെന്നും നാട്ടുകാർ അധികൃതരോട് ആവശ്യപ്പെടുന്നു

പഞ്ചായത്തിലെ 14 വാർഡുകളിലും ക്യാമറ സ്ഥാപിച്ചുവെങ്കിലും ഒരിടത്ത് പോലും ഇപ്പോൾ ക്യാമറ നിലവിലില്ല. ക്യാമറ ഇല്ലാത്തതിനാൽ മാലിന്യ റോഡിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടിവരികയാണ് കൂടാതെ തെരുവുനായ ശല്യവും രൂക്ഷം ആയിരിക്കുകയാണ് . വഴിവിളക്കുകൾ കത്താത്തതിനാൽ രാത്രി യാത്ര ദുരിതമായിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ എത്രയും വേഗം ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം.

ജോയ് എബനേസർ പൊതുപ്രവർത്തകൻ