കൊച്ചി: നാളെ ഇന്ത്യൻ സൂപ്പർലീഗ് മത്സരങ്ങൾ പ്രമാണിച്ച്
കൊച്ചി മെട്രോ ജെ.എൽ.എൻ സ്റ്റേഡിയം സ്റ്റേഷനിൽനിന്ന് രാത്രി 11.30വരെ അധിക സർവീസ് ഒരുക്കും. സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റിനൊപ്പം മടക്കയാത്രയ്ക്കും ടിക്കറ്റെടുക്കാം. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മെട്രോ സ്റ്റേഷനുകളിൽ പേ ആൻഡ് പാർക്ക് സൗകര്യവുമുണ്ട്.
തൃശൂർ, മലപ്പുറം ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ ആലുവയിൽ പാർക്കുചെയ്തശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്രചെയ്യാം. അൻപത് കാറും 10 ബസും ഒരോ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.
പറവൂർ, കൊടുങ്ങല്ലൂർവഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്ത് വാഹനം പാർക്കുചെയ്ത് മെട്രോയിൽ ജെ.എൽ.എൻ സ്റ്റേഡിയത്തിലേക്ക് യാത്രചെയ്യാം. 15 ബസും 30 കാറും ഇടപ്പള്ളിയിൽ പാർക്ക് ചെയ്യാം. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തുനിന്ന് റോഡ്മാർഗം വരുന്നവർക്ക് വൈറ്റിലയിൽനിന്ന് കൊച്ചി മെട്രോയിൽ യാത്രചെയ്ത് സ്റ്റേഡിയത്തിലെത്താം. കോട്ടയം, ഇടുക്കി മേഖലയിൽനിന്ന് വരുന്നവർക്ക് എസ്.എൻ ജംഗ്ഷൻ, വടക്കേക്കോട്ട, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽനിന്ന് മെട്രോസേവനം ഉപയോഗിക്കാം.