photo
എളങ്കുന്നപ്പുഴ ബീച്ചിൽ കടൽവെള്ളം കയറിയ വീട്‌

വൈപ്പിൻ: കഴിഞ്ഞദിവസം കടൽവെള്ളം കയറിയ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ചാപ്പ കടപ്പുറം, വളപ്പ് ബീച്ച്, നായരമ്പലം പുത്തൻകടപ്പുറം, എടവനക്കാട് ഭാഗങ്ങളിൽ ഇന്നലെ സ്ഥിതി രൂക്ഷമായില്ലെങ്കിലും എളങ്കുന്നപ്പുഴയിൽ ഇന്നലെയും കടൽകയറി. 15 വീടുകളിലാണ് ഇന്നലെ വെള്ളം കയറിയത്. വേലിയേറ്റസമയത്ത് വെള്ളം കടൽഭിത്തികൾക്കിടയിലൂടെ കയറിയാണ് തീരദേശ റോഡിലും പരിസരത്തും വെള്ളംകെട്ടിയത്.

നായരമ്പലം വെളിയത്താംപറമ്പ് ബീച്ചിലും വൈകിട്ട് വെള്ളംകയറി. തീരദേശറോഡ് വെള്ളത്തിലായി. ഇവിടെ ഒരു വീട്ടിലും വെള്ളംകയറി.

സാധാരണ ഗതിയിലുള്ള കടൽക്ഷോഭം ഉണ്ടായില്ലെങ്കിലും കരയിലേക്ക് വെള്ളം കയറി വരുന്നത് തീരദേശത്ത് വലിയ ആശങ്കകൾ ഉണ്ടാക്കുന്നുണ്ട് . ഇന്നലേയും വൈകിട്ട് ചാപ്പ കടപ്പുറത്തും മറ്റും വെള്ളംകയറി.
കടപ്പുറത്ത് സൂക്ഷിച്ചിരുന്ന വള്ളങ്ങളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് നീക്കി. മത്സ്യത്തൊഴിലാളികൾ ഇന്നലെ കടലിൽ ഇറങ്ങിയില്ല. ദുരിതത്തിലായ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി.വി. ജയൻ ആവശ്യപ്പെട്ടു.

കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുഴുപ്പിള്ളി ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചതായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു.