ആലുവ: മണപ്പുറത്തെ ശിവരാത്രി വ്യാപാരമേളയുടെ കരാർ കാലാവധി എട്ടിന് അവസാനിക്കുമെങ്കിലും നാലുദിവസംകൂടി സൗജന്യമായി നീട്ടിനൽകാൻ നഗരസഭയുടെ അടിയന്തര കൗൺസിൽ തീരുമാനിച്ചു. കൂടുതൽ ദിവസത്തേക്ക് നീട്ടണമെങ്കിൽ കരാർ തുകയ്ക്ക് ആനുപാതികമായി കരാറുകാരൻ പണം അടക്കണമെന്നും തീരുമാനിച്ചു.

ശിവരാത്രി ആരംഭിച്ച ആദ്യ മൂന്നുനാല് ദിവസം വിനോദപരിപാടികൾ ആരംഭിക്കുന്നതിന് സാങ്കേതികാനുമതി ലഭിക്കാതിരുന്നതിനാൽ സാമ്പത്തികനഷ്ടം ഉണ്ടായെന്നും അതിനാൽ 15ദിവസം കരാർ കാലാവധി നീട്ടണമെന്നുമാണ് കരാറുകാരായ ഷാ എന്റെർടെയ്മെന്റ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടർന്നാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൗജന്യമായി നാലുദിവസം നീട്ടിനൽകാമെന്ന് നഗരസഭ തീരുമാനിച്ചത്.

സി.പി.എമ്മിലെ ശ്രീലത വിനോദ്കുമാറും ബി.ജെ.പിയിലെ പി.എസ്. പ്രീതയും 15 ദിവസവും സൗജന്യമായി വ്യാപാരമേള നീട്ടാൻ അനുവദിക്കണമെന്നാണ് നിലപാടെടുത്തത്. എന്നാൽ ബി.ജെ.പിയിലെ മറ്റ് മൂന്ന് അംഗങ്ങൾ നഗരസഭ തീരുമാനത്തോട് യോജിച്ചു. മറ്റൊരു സ്വതന്ത്രഅംഗവും നഗരസഭയിലെ ഭരണപക്ഷ നിലപാടിനൊപ്പം നിന്നു.

ശിവരാത്രി ദിവസമായ മാർച്ച് എട്ടിന് പൊതുമരാമത്തുവകുപ്പ് മെക്കാനിക്കൽ വിഭാഗത്തിന്റെ എൻ.ഒ.സി ഹാജരാക്കാത്തതിനാൽ റൈഡറുകൾ പ്രവർത്തിപ്പിക്കുന്നതിന് നഗരസഭ അനുമതി നൽകിയിരുന്നില്ല. പിന്നീട് കരാറുകാരൻ സുപ്രീംകോടതിയിൽനിന്ന് അനുകൂലവിധി സമ്പാദിച്ചശേഷം മാർച്ച് 11 മുതലാണ് റൈഡറുകൾ പ്രവർത്തിപ്പിച്ചത്. 1.17 കോടി രൂപയ്ക്ക് വ്യാപാരമേള കരാറെടുത്ത ഷാ ഗ്രൂപ്പ് ജി.എസ്.ടിയും പെർഫോമൻസ് നികുതിയും ഉൾപ്പെടെ ഒന്നരക്കോടിയോളം രൂപയാണ് നഗരസഭയിൽ അടച്ചിട്ടുള്ളത്.