kesavdev
കലാമണ്ഡലം കേശവദേവ്

ആലുവ: പുരാണ കഥകളിലെ ത്രസിപ്പിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരനാണ് കലാമണ്ഡലം കേശവദേവ്. ബാലി, സുഗ്രീവൻ, ദുശാസനൻ, നരസിംഹം, ശൂർപ്പണഖ, കിരാതത്തിലെ കാട്ടാളൻ, കലി തുടങ്ങിയവയിൽ കേശവദേവ് അവതരിപ്പിച്ച കഥാപാത്രങ്ങൾ കഥകളി പ്രേമികളുടെ മനസിൽ എക്കാലവും ഓർമ്മയായി നിലനിൽക്കും.

അരനൂറ്റാണ്ടിലേറെക്കാലം കഥകളി വേദികളിൽ നിറഞ്ഞാടിയ കേശവദേവ് ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ചത് ബാലിവധത്തിലെ ബാലിയെയാണ്.

പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പന്ത്രണ്ടാമത്തെ വയസിൽ കലാമണ്ഡലത്തിൽ ചേർന്നു. ഏഴുവർഷത്തോളം കലാമണ്ഡലം ഗോപി ആശാന്റെയും രാമൻകുട്ടി ആശാന്റെയും കീഴിൽ കഥകളി അഭ്യസിച്ചു. സംസ്ഥാന സർക്കാർ കലാമണ്ഡലം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ ബാച്ചിൽ ഫസ്റ്റ് ക്ലാസോടെ കഥകളിവേഷം വിഭാഗത്തിൽ പഠനം പൂർത്തിയാക്കി.

തുടർന്ന് ഡൽഹിയിലെ നാട്യ ബാലറ്റ് സെന്ററിൽ പ്രവർത്തിച്ചു. പിന്നീട് ഫാക്ടിന്റെ കീഴിൽ ഉദ്യോഗമണ്ഡൽ കഥകളി ട്രൂപ്പിൽ വന്നു. ഫാക്ട് പബ്ലിക് റിലേഷൻസ് വിഭാഗത്തിലായിരുന്നു. 1970 മുതൽ 1974 വരെ ഫാക്ട് നടത്തിയ യൂറോപ്യൻ പര്യടനത്തിലും ലണ്ടൻ, പാരീസ് എന്നിവിടങ്ങളും വേഷം അവതരിപ്പിച്ചു. 1965ൽ കേരള കലാമണ്ഡലത്തിന്റെ ഭാഗമായി അമേരിക്കയിലും പരിപാടികൾ അവതരിപ്പിച്ചു. 1980ൽ മലയാളം നാടകവേദി മംഗളപത്രം നൽകി ആദരിച്ചു. 2003 ൽ കലാദർപ്പണ പുരസ്‌കാരം ലഭിച്ചു.