
കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ച മകന് കരൾദാനം ചെയ്തതിനെത്തുടർന്ന് ഐ.സി.യുവിൽ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കലൂർ കറുകപ്പള്ളി കല്ലറയ്ക്കൽവീട്ടിൽ നസീറാണ് (56) മരിച്ചത്. കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ മകൻ ത്വയ്യിബ് കെ. നസീർ (25) ചികിത്സയിലാണ്. എറണാകുളം മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയാണ് നസീർ.
നസീറിന് പുറമേ ഇദ്ദേഹത്തിന്റെ സഹോദരിയും കരൾദാനത്തിന് സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഏറ്റവും അനുയോജ്യനായ ദാതാവെന്ന നിലയിൽ നസീറിനെ തിരഞ്ഞെടുക്കുകയായിരുന്നു. മാർച്ച് 19നായിരുന്നു ശസ്ത്രക്രിയ. കരൾ സ്വീകരിച്ചശേഷം സുഖംപ്രാപിച്ച് വരുന്ന മകനെ മരണവിവരം അറിയിച്ചിട്ടില്ല. കബറടക്കം ഇന്ന് രാവിലെ 9ന് കലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
എം.ബി.എ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിനുശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തിൽ ചേരുകയായിരുന്നു. അടുത്തിടെയാണ് രോഗം കണ്ടെത്തിയത്. കെ.എ. യൂനസിന്റെയും ബീവിയുടേയും മകനാണ് നസീർ. ഭാര്യ: ശ്രീമൂലനഗരം പീടിയേക്കൽ കുടുംബാംഗം ഷിജില. മറ്റുമക്കൾ: ഷിറിൻ കെ. നസീർ , ആയിഷ നസീർ. മരുമകൻ: ആഷിഖ്.