ആലുവ: പ്രമുഖ കഥകളിനടൻ കലാമണ്ഡലം കേശവദേവിന് (78) ആയിരങ്ങൾ യാത്രാമൊഴി നൽകി. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.
ചെങ്ങമനാട് ദേശം സ്വർഗംറോഡിൽ ശ്രീചക്രവീട്ടിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആലുവ ആരോഗ്യാലയത്തിലും പിന്നീട് രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംസ്കാര ചടങ്ങുകൾ. കലാമണ്ഡലത്തിൽ നിന്നുൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
ഭാര്യ: പരേതയായ രമണി. മക്കൾ: ജയദേവ്, സിന്ധു, സന്ധ്യ. മരുമക്കൾ: ചിത്ര (വിദേശം), മോഹനൻ, അശോക്‌കുമാർ.
* 1958ൽ കലാമണ്ഡലത്തിലെത്തി
1958ലെ കലാമണ്ഡലം ബാച്ചിൽ രാമൻകുട്ടി നായരുടെ ശിക്ഷണത്തിലാണ് കേശവദേവ് കഥകളി അഭ്യസിച്ചത്. മൂന്നുകൊല്ലത്തോളം ഗോപിയാശാന്റെയും കളരിയിൽ അഭ്യസിച്ചു.
ആറടിക്കുമേൽ ഉയരമുണ്ടായിരുന്ന കേശവദേവ് ഏറെയും ചുവന്നതാടി വേഷങ്ങളാണ് കെട്ടിയത്. 1966 മുതൽ 2005 വരെ ഏലൂർ ഫാക്ടിൽ ജീവനക്കാരനുമായിരുന്നു. 2021ൽ കേരളകലാമണ്ഡലത്തിന്റെ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ സ്മാരക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.