മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽവച്ച് കഴിഞ്ഞദിവസം വൈകിട്ട് കുത്തേറ്റുമരിച്ച പുന്നമറ്റം കോട്ടക്കുടി താഴത്തുകുടി സിംന ഷക്കീറിന്റെ (37) മൃതദേഹം ഇന്നലെ പെരുമറ്റം ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. കൈകൾക്ക് മുറിവേറ്റ പ്രതി ഷാഹുൽ അലി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആശുപത്രി വിട്ടാൽ അറസ്റ്റുചെയ്യും.

ജനറൽ ആശുപത്രിയിൽ ഫൊറൻസിക് സർജന്റെ നേതൃത്വത്തിലായിരുന്നു സിംനയുടെ പോസ്റ്റ്‌മോർട്ടം നടന്നത്. കഴുത്തിലെ മുറിവുകൂടാതെ പിൻഭാഗത്ത് കത്തികൊണ്ടുള്ള ഒമ്പത് മുറിവുകളും ഉണ്ടായിരുന്നു.

ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനു ഭക്ഷണം നൽകിയ ശേഷം മകളോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാഹുൽ കത്തിയുമായി സിംനയെ ആക്രമിച്ചത്. ആശുപത്രി ജീവനക്കാരും മറ്റുംചേർന്ന് ഉടനെ കാഷ്വാലിറ്റിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിംനയുടെ സുഹൃത്തും അയൽവാസിയുമാണ് ഷാഹുൽ.