pic

കൊച്ചി: ജി.സി.ഡി.എയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാ‌ർക്ക് പുനരുദ്ധാരണം അവസാനഘട്ടത്തിലെത്തി. കാലപ്പഴക്കം മൂലം നാശോന്മുഖമായ പാ‌ർക്കിൽ അടിസ്ഥാന സൗകര്യവികസനങ്ങളാണ് നടപ്പിലാക്കുന്നത്. മഴക്കാലത്ത് വെള്ളക്കെട്ട് പരിഹരിക്കുന്നതിനൊപ്പം നടപ്പാതകൾ മോ‌ടി പിടിപ്പിക്കും. ഓഡിറ്റോറിയത്തിന്റെ പൊക്കം കൂട്ടി സ്റ്രേജ് നവീകരണം പുരോഗമിക്കുകയാണ്. പരിപാടികൾ നടക്കുമ്പോൾ പുറത്തുനിന്നുള്ള ശബ്ദം അകത്തേക്ക് കേൾക്കാതിരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പാർക്കിന്റെ നടത്തിപ്പ് ചുമതല ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിനാണ്. നിലവിലെ സ്റ്രേജുകൾ നവീകരിക്കുന്നതിനൊപ്പം പുതിയ സ്റ്റേജും നിർമ്മിക്കുന്നുണ്ട്. ഒപ്പം കുട്ടികൾക്കുള്ള കളിസ്ഥലങ്ങളുമുണ്ടാകും. കഴിഞ്ഞ സെപ്തംബറിലാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പാ‌ർക്കിൽ പരിപാടികൾ നടത്താനുള്ള നിരക്കിൽ മാറ്റം ഉണ്ടാവില്ല.

3.5 കോടി

പദ്ധതി ചെലവ്.

30 പേർക്കുള്ള സ്റ്രേജ്

ചെറിയ പരിപാടികൾ നടത്തുന്നതിനായി 30 പേ‌ർക്ക് ഇരിക്കാവുന്ന പുതിയ സ്റ്രേജാണ് നിർ‌മ്മിക്കുക. കുട്ടികളുടെ പരിപാടികളടക്കം ഇവിടെ നടത്താം.

ചങ്ങമ്പുഴ സമാധി

ചങ്ങമ്പുഴ സമാധി പുനരുദ്ധാരണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിഞ്ഞാൽ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് ജി.സിഡി.എ അറിയിച്ചു. ചങ്ങമ്പുഴയെ അനുഭവിച്ചറിയാൻ സാധിക്കുന്ന തരത്തിൽ സി ഹെെഡുമായി സഹകരിച്ച് നവീകരിക്കാനാണ് ലക്ഷ്യം. ചങ്ങമ്പുഴയുമായ ബന്ധപ്പെട്ട ചരിത്രങ്ങൾ മനസിലാക്കാൻ സംവിധാനമുണ്ടാകും. ഡിസൈൻ തയ്യാറാക്കുകയാണ്. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി നിലവിൽ വകയിരുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ തുക കൂടുതൽ അനുവദിക്കും. ടെൻഡർ കഴി‌ഞ്ഞാൽ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും.

ചങ്ങമ്പുഴ പാർക്ക് മേയിൽ പൂർണമായും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സാധിക്കും. അവസാനഘട്ട പ്രവർത്തനങ്ങൾ മാത്രമേ ഇനി നടക്കാനുള്ളൂ. കാലപ്പഴക്കം കൊണ്ട് സംഭവിച്ച കേടുപാടുകളാണ് നവീകരിച്ചിരിക്കുന്നത്

ജി.സി.ഡി.എ അധികൃതർ