fish

കൊച്ചി: മത്തിയുൾപ്പെടെ പ്രിയ മത്സ്യങ്ങളുടെ ലഭ്യത ക്രമാതീതമായി കുറയുന്നതോടെ മത്സ്യമേഖലയിൽ ആശങ്ക. പത്തുവർഷത്തിന് ശേഷം കഴിഞ്ഞ വർഷമാണ് കേരളത്തിൽ മത്തി ധാരാളം ലഭിച്ചത്. ചെറിയ മത്തിയാണ് ലഭിച്ചതും. ഇവ കോഴിത്തീറ്റ, മത്സ്യത്തീറ്റ എന്നിവയ്ക്കായി തമിഴ്നാട്ടിലേക്ക് കയറ്റിയയച്ചു. മറ്റ് മീനുകളുടെ ലഭ്യതയും ഇത്തവണ കുറഞ്ഞു. കടൽക്ഷോഭവും മത്സ്യത്തൊഴിലാളികളെ തളർത്തുകയാണ്.

ചെലവിനുള്ള തുകയ്ക്കുപോലും മത്സ്യം ലഭിക്കുന്നില്ല. ഒരു വള്ളം കടലിൽ പോകുമ്പോൾ 30,000 രൂപയെങ്കിലും ചെലവാകും. കേരളത്തിലേക്ക് മത്തി തമിഴ്നാട്ടിലെ രാമേശ്വരം, കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. ഇവിടങ്ങളിൽ മത്തിക്ക് ആവശ്യക്കാർ കുറവാണ്. ജനുവരി-മേയിൽ ലഭിക്കുന്ന മത്സ്യങ്ങളായ അയല, പാമ്പാട, കിളിമീൻ എന്നിവയ്ക്കും ക്ഷാമമുണ്ട്. കുറഞ്ഞയളവിലാണ് ഇവ ലഭിക്കുന്നത്. പ്രതിവർഷം ഒമ്പതേകാൽ ലക്ഷം ടൺ മത്സ്യമാണ് കേരളത്തിനാവശ്യം. 6.5 ലക്ഷം ടൺ മാത്രമാണ് കേരളതീരത്തുനിന്ന് ലഭിക്കുന്നത്. ബാക്കി തമിഴ്നാട്, ആന്ധ്ര, ഒഡിഷ, ഗോവ തീരങ്ങളിൽ നിന്നെത്തുന്നതാണ്.

പഠിക്കണം

കേരളത്തിലെ കടൽത്തീരത്ത് ലഭിക്കുന്ന മത്തിയുടെ വലിപ്പം കുറയുന്നതിനെപ്പറ്റി പഠനം നടത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. തീരെ ചെറിയ മത്തിയാണ് കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ചത്. ഇത്തവണ അതുമില്ല. ഇതേക്കുറിച്ച് സി.എം.എഫ്.ആർ.ഐ പഠനം നടത്തണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു.

കേരളത്തിൽ ലഭിച്ച മത്തി

2012- 3.99 ലക്ഷം ടൺ

2021- 3000 ടൺ

വില

മത്തി- 200

അയല- 250- 300

കിളിമീൻ- 250-300

പാമ്പാട- 250-300

മത്സ്യത്തൊഴിലാളികൾ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് കടൽക്ഷോഭവും വന്നത്. മീനിന്റെ ലഭ്യത കുറഞ്ഞതിനിടെ കടൽക്ഷോഭ മുന്നറിയിപ്പും എത്തിയതോടെ കടലിൽ ഒട്ടും പോകാതെയായി. എന്തുകൊണ്ടാണ് മീൻ ലഭ്യത കുറയുന്നതെന്നും കടൽക്ഷോഭത്തിന് കാരണമെന്തെന്നും പഠനം നടത്തണം

ചാൾസ് ജോർജ്

സംസ്ഥാന പ്രസിഡന്റ്

മത്സ്യത്തൊഴിലാളി ഐക്യവേദി