
ട്വന്റി 20 പിടിക്കുന്ന വോട്ടും നിർണായകം
കടലും കാടും പുഴകളും തീർത്ഥാടന കേന്ദ്രങ്ങളും വ്യവസായങ്ങളും കൃഷിയും ഉൾപ്പെടെ ഭൂപ്രകൃതിയിലും സ്വഭാവത്തിലും വൈവിദ്ധ്യങ്ങളുള്ള ചാലക്കുടിയുടെ ഉള്ളിളക്കങ്ങൾക്ക് കാതുകൂർപ്പിക്കുകയാണ് മൂന്നു പ്രമുഖ മുന്നണികളും. പൊതുവെ വലതുപക്ഷത്തോട് ചാലക്കുടി പുലർത്തുന്ന കൂറിലാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസവും പ്രതീക്ഷയും. രാഷ്ട്രീയ, സമുദായിക മാറ്റങ്ങളും സ്ഥാനാർത്ഥിയുടെ ബന്ധങ്ങളും വീണ്ടുമൊരു അട്ടിമറിക്ക് വഴിതെളിക്കുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. മോദി പ്രഭാവവും പിന്നാക്ക സമുദായങ്ങളുടെ പിന്തുണയും വോട്ടുനില വർദ്ധിപ്പിക്കുമെന്ന ഉറപ്പിലാണ് എൻ.ഡി.എ. ട്വന്റി 20 പാർട്ടി, മുന്നണികൾക്ക് എങ്ങനെ ഭീഷണിയാകുമെന്ന കൗതുകം മത്സരത്തിന് കൊഴുപ്പു കൂട്ടുന്നു.
രണ്ടാം ജയമുറപ്പിച്ച്
യു.ഡി.എഫ്
സിറ്റിംഗ് സീറ്റിൽ രണ്ടാമങ്കത്തിന് ഇറങ്ങിയ ബെന്നി ബഹനാനും യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജനങ്ങൾ ഒപ്പം നിൽക്കുമെന്ന വിശ്വാസം ഇതുവരെയുള്ള പ്രചാരണത്തിൽ വ്യക്തമാണെന്ന് നേതാക്കൾ പറയുന്നു. മുന്നണിയിലും കോൺഗ്രസിലും അസ്വാരസ്യങ്ങൾ ഇല്ലെന്നതും പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നുണ്ട്. ദേശീയ, സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളും കോൺഗ്രസിന് അനുകൂലമാണെന്ന് മുന്നണി വിലയിരുത്തുന്നു.
എം.പിയെന്ന നിലയിലെ ബെന്നി ബഹനാന്റെ പ്രവർത്തനം സഹായമാകും. നടത്തിയ ഇടപെടലുകളും, നടപ്പാക്കിയതും നേടിയെടുത്തതുമായ വികസന പദ്ധതികളുടെ വിശദാംശങ്ങളും അടങ്ങിയ ലഘുലേഖ വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. കൊവിഡ് ഭീതിയിൽ രണ്ടുവർഷം നഷ്ടപ്പെട്ടെങ്കിലും മണ്ഡലത്തിന്റെ വികസനാവശ്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞത് വോട്ടർമാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ബെന്നിയുടെ വ്യക്തിബന്ധങ്ങളും വോട്ട് നേടാൻ വഴിതെളിക്കും.
ക്രൈസ്തവ സമൂഹം കോൺഗ്രസ് അനുകൂല നിലപാട് ഇക്കുറിയും ആവർത്തിക്കുമെന്നാണ് മറ്റൊരു പ്രതീക്ഷ. യാക്കോബായ, കത്തോലിക്കാ വിഭാഗങ്ങൾക്ക് സ്വാധീനമുള്ളതാണ് മണ്ഡലം. ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളിലും സഭകളുമായും സമവായ സമീപനമാണ് ബെന്നി സ്വീകരിച്ചത്. ഇരുവിഭാഗത്തിനും സ്വീകാര്യൻ. സഭാമേധാവികളുമായും വിശ്വാസി സംഘടനകളുമായും ബെന്നി ബഹനാൻ വ്യക്തിപരമായ അടുപ്പവും പുലർത്തുന്നുണ്ട്. ക്രൈസ്തവ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളും സഹായകമാകുമെന്നാണ് പ്രതീക്ഷ.
അട്ടിമറി കാത്ത്
എൽ.ഡി.എഫ്
പ്രചാരണത്തിൽ കൈവരിച്ച മുൻതൂക്കവും താഴേത്തട്ടിൽ നടത്തിയ ഒരുക്കങ്ങളുമാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. ലോനപ്പൻ നമ്പാടനും ഇന്നസെന്റും കൈവരിച്ച അട്ടിമറിജയം ആവർത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണി. രാഷ്ട്രീയത്തിനൊപ്പം സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ വ്യക്തിപ്രഭാവവും ജനപിന്തുണ നൽകുമെന്ന ഉറപ്പിലാണ് നേതാക്കൾ. രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
യുവജനങ്ങളിൽ നിന്ന് പതിവിലുമേറെ പിന്തുണ സി. രവീന്ദ്രനാഥിന് ലഭിക്കുന്നുണ്ട്.
സ്കൂളുകൾ, കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രവീന്ദ്രനാഥ് പര്യടനങ്ങളും വിദ്യാർത്ഥി സംവാദങ്ങളും നടത്തിയിരുന്നു. വിദ്യാഭ്യാസമന്ത്രി എന്നനിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളെ മുൻനിറുത്തിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇവയ്ക്കു ലഭിച്ച പ്രതികരണങ്ങൾ യുവാക്കളുടെ വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന സൂചനയായാണ് എൽ.ഡി.എഫ് വിലയിരുത്തുന്നത്.
മണ്ഡലത്തിൽ രണ്ടു വിധത്തിലുള്ള യോഗങ്ങളാണ് ഇടതു മുന്നണി സംഘടിപ്പിച്ചത്. സി.പി.എമ്മിന്റെയും ഘടകക്ഷികളുടെയും പ്രവർത്തകരുടെ യോഗം പ്രാദേശിക സ്ഥിതിഗതികൾ വിലയിരുത്തി. എൽ.ഡി.എഫിനോട് പ്രത്യേക താത്പര്യമില്ലാത്ത വിവിധ വിഭാഗങ്ങളുടെ യോഗങ്ങളായിരുന്നു മറ്റൊന്ന്. നവ ചാലക്കുടി എന്ന ആശയം മുന്നിൽവച്ചാണ് ഇത്തരം യോഗങ്ങൾ സംഘടിപ്പിച്ചത്. ഇവയ്ക്കു ലഭിച്ച പ്രതികരണങ്ങൾ സ്ഥാനാർത്ഥിക്ക് രാഷ്ട്രീയത്തിനതീതമായി ലഭിക്കുന്ന സ്വീകാര്യതയായി സി.പി.എം വിലയിരുത്തുന്നു. ഇന്നസെന്റിനും ലോനപ്പൻ നമ്പാടനും ലഭിച്ച പിന്തുണ രവീന്ദ്രനാഥിനും ലഭിക്കുമെന്ന വിലയിരുത്തലാണ് പാർട്ടിക്ക്.
പിന്നാക്കത്തിൽ
കണ്ണുനട്ട്
മുൻ തിരഞ്ഞെടുപ്പിലേതിനേക്കാൾ മുന്നേറ്റം കൈവരിക്കാൻ കഴിയുമെന്ന ഉറപ്പിലാണ് എൻ.ഡി.എയും ബി.ജെ.പിയും. കഴിഞ്ഞ തവണ 15.6 ശതമാനം വോട്ടാണ് നേടിയത്. കേന്ദ്ര സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും മുഖ്യവിഷയമാക്കിയാണ് എൻ.ഡി.എ പ്രചാരണം. തൊട്ടടുത്ത തൃശൂരിൽ സുരേഷ് ഗോപിയുടെ മത്സരത്തിന്റെ ചൂട് ചാലക്കുടിയേയും സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബി.ഡി.ജെ.എസ് നേതാവ് കെ.എ. ഉണ്ണിക്കൃഷ്ണനാണ് സ്ഥാനാർത്ഥി. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി, കുന്നത്തുനാട് യൂണിയൻ കൺവീനർ എന്നീ പദവികളും വഹിക്കുന്നുണ്ട്. കുന്നത്തുനാട്, പെരുമ്പാവൂർ, ആലുവ, ചാലക്കുടി, കൈപ്പമംഗലം മേഖലകളിൽ ഈഴവ, പിന്നാക്ക സമുദായങ്ങളുടെ വോട്ട് ആകർഷിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം ബി.ജെ.പി വോട്ടുകളും ലഭിക്കുന്നതോടെ മികച്ച വോട്ടുവിഹിതം നേടാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
വില്ലനാകുമോ
ട്വന്റി 20?
കിഴക്കമ്പലം ഉൾപ്പെടെ നാലു പഞ്ചായത്തുകൾ ഭരിക്കുന്ന ട്വന്റി 20 പാർട്ടി ചാലക്കുടിയിൽ മത്സരിക്കുന്നത് ആർക്കാകും ദോഷവും സഹായവുമാകുകയെന്ന കൗതുകത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ. സ്ഥാനാർത്ഥി അഡ്വ. ചാർലി പോൾ മണ്ഡലയത്തിൽ ഒരുവട്ടം പര്യടനം പൂർത്തിയാക്കി. എല്ലാ മുന്നണികൾക്കും എതിരാണ് തങ്ങളുടെ മത്സരമെന്നാണ് ട്വന്റി 20 പ്രഖ്യാപനം. എൽ.ഡി.എഫിനെ, പ്രത്യേകിച്ച് സി.പി.എമ്മിനെ ശക്തമായി എതിർക്കുന്നതാണ് ട്വന്റി 20 നിലപാട്. യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാനുമുണ്ട്, ട്വന്റി 20യുടെയും പ്രസിഡന്റ് സാബു എം. ജേക്കബിന്റെയും 'ഹിറ്റ്" ലിസ്റ്റിൽ.
കുന്നത്തുനാട്, പെരുമ്പാവൂർ, ആലുവ നിയമസഭാ മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താൻ ട്വന്റി 20-ക്കു കഴിയും. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ റാലികളിൽ വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. ട്വന്റി 20 നേടുന്ന വോട്ടുകൾ തങ്ങൾക്കു ദോഷമാകുമെന്ന ആശങ്ക മൂന്നു മുന്നണികൾക്കുമുണ്ട്.