p


പ്ലസ് ടു വിദ്യാർത്ഥികൾക്കിത് പ്രവേശന പരീക്ഷകാലമാണ്. പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് സാഥി (SATHEE) എന്ന ഓൺലൈൻ ലേണിംഗ് പോർട്ടൽ പുറത്തിറക്കിയിട്ടുണ്ട്. SATHEE എന്നാൽ Self-assessment test and help for entrance examinations. കോച്ചിംഗിനു പോകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ലേണിംഗ് പോർട്ടലാണിത്. ഐ.ഐ.ടി കാൺപൂർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്നാണ് പോർട്ടൽ പുറത്തിറക്കിയിരിക്കുന്നത്. ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾക്കും മറ്റ് എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ, വീഡിയോ ക്ലാസുകൾ ഇതിലൂടെ ലഭിക്കും. നിരവധി മോഡൽ പരീക്ഷകളും ഇതിലുണ്ടാകും. ഐ.ഐ.ടി, എയിംസ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരുടെ ക്ലാസുകളുമുണ്ട്. രജിസ്റ്റർ ചെയ്യാൻ www.sathee.prutor.ai സന്ദർശിക്കുക.

പി എച്ച്.ഡിക്ക് നെറ്റ് യോഗ്യതാ നിബന്ധന: ഗവേഷകരുടെ എണ്ണം കുറയും

2024-25 മുതൽ പി എച്ച്.ഡി പ്രവേശനം നെറ്റ് (National Eligibility Test) പരീക്ഷ യോഗ്യതയുടെ അടിസ്ഥാനത്തിലാക്കാനുള്ള യു.ജി.സി തീരുമാനം രാജ്യത്തെ സർവകലാശാലകളിൽ പി എച്ച്.ഡിക്ക് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയാനിടവരുത്തും. ഡോക്ടറൽ പ്രോഗ്രാമിന് ചേരുന്ന വിദ്യാർത്ഥികളിൽ നെറ്റുള്ളവർ 30 ശതമാനത്തോളം മാത്രമാണ്. പ്രവേശനത്തിനായി ഇനിമുതൽ സർവകലാശാലകൾക്കോ മറ്റു ഗവേഷണ സ്ഥാപനങ്ങൾക്കോ പരീക്ഷ നടത്താനും സാധിക്കില്ല. രാജ്യത്തെ പി എച്ച്.ഡി എൻറോൾമെന്റ് കുറയുന്നത് വിദേശ സർവകലാശാലകളിലേക്ക് വിദ്യാർത്ഥികളുടെ കുത്തൊഴുക്കിന് കാരണമാകും. ഡോക്ടറൽ ഗവേഷണത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയത്തിലെ ശുപാർശകൾക്കനുസരിച്ചാണ് പുതിയ തീരുമാനം.

അക്കാഡമിക് മേഖലയിൽ അദ്ധ്യാപകർക്ക് യു.ജി.സി പിഎച്ച്.ഡി നിഷ്‌കർഷിക്കുന്നുണ്ട്. നെറ്റ് യോഗ്യത മാത്രം വിലയിരുത്തിയുള്ള പ്രവേശന മാനദണ്ഡം ബിരുദാനന്തര വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സമയബന്ധിതമായി പിഎച്ച്.ഡി എടുക്കാൻ തടസം സൃഷ്ടിക്കും.

സർവകലാശാലകളിൽ പിഎച്ച്.ഡി വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് ആഭ്യന്തര വരുമാനത്തെയും പ്രതികൂലമായി ബാധിക്കും. അടുത്തിടെ സ്വകാര്യ, ഡീംഡ് സർവകലാശാലകൾ പിഎച്ച്.ഡി എൻറോൾമെന്റ് ഗണ്യമായി വർദ്ധിപ്പിച്ചിരുന്നു. യു.ജി.സിയുടെ പുതിയ തീരുമാനത്തോടെ പിഎച്ച്.ഡിക്ക് ചേരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇനി ചിട്ടയോടെ നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടതുണ്ട്.