കൊച്ചി: കള്ള് വില്പനയ്ക്കുള്ള ഇളവുകളിൽ ഹോംസ്റ്റേകളേയും ഉൾപ്പെടുത്തണമെന്ന് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് സംഘടിപ്പിച്ച ചർച്ചയിൽ ആവശ്യം. ചെത്തുതൊഴിലാളികളുടെ ഉപജീവനം മെച്ചപ്പെടുത്താനും തൊഴിലിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കാനും ഇത് സഹായകമാകുമെന്ന് പ്രതിനിധികൾ പറഞ്ഞു. ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും സ്വന്തം പറമ്പിൽനിന്ന് കള്ള് ചെത്തിയെടുത്ത് 'കേരള ടോഡി" എന്ന പേരിൽ അതിഥികൾക്ക് നൽകാൻ അനുവദിക്കുന്നുണ്ട്. അമിത നിയന്ത്രണങ്ങൾ കള്ള് വ്യവസായ മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി.

ഹോംസ്റ്റേ ഉടമകൾ, ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി അംഗങ്ങൾ, കേരള ചെത്ത് കള്ള് വ്യവസായ തൊഴിലാളി ഫെഡറേഷൻ, കേരള കള്ള് ചെത്ത് യൂണിയൻ അംഗങ്ങൾ, ടൂറിസം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കേരള ടൂറിസം ആൻഡ് ഹോംസ്റ്റേ സൊസൈറ്റി ഡയറക്ടർ എം.പി. ശിവദത്തൻ, കൊച്ചി സിറ്റി കള്ള് ചെത്ത് തൊഴിലാളി യൂണിയൻ മേഖല പ്രസിഡന്റ് കുമ്പളം രാജപ്പൻ, കേരള കള്ള് ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി. എൻ. സീനുലാൽ, കേരള കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ മാമല മേഖല പ്രസിഡന്റ് ജോൺ ജോസഫ്, സി.പി.പി.ആർ ചെയർമാൻ ഡി. ധനുരാജ് എന്നിവർ പ്രസംഗിച്ചു.