y

തൃപ്പൂണിത്തുറ: 'ആടുജീവിതം" സിനിമയിൽ നായകൻ മരുഭൂമിയിൽ നിന്ന് ദുരിതങ്ങൾ ഏറെ താണ്ടിയാണ് റോഡിലെത്തി രക്ഷപ്പെടുന്നത്. പുത്തൻകാവ് - കാഞ്ഞിരമറ്റം സംസ്ഥാനപാതയുടെ ഒന്നേകാൽ കിലോമീറ്റർ അകലെ ആമ്പല്ലൂർ കണ്ടത്തിവെളിയിൽ ചിറയ്ക്കൽ ഭാഗത്ത് ഒറ്റപ്പെട്ടുകിടക്കുന്ന 11 കുടുംബങ്ങൾക്ക് പൊതുറോഡിലെത്തണമെങ്കിൽ ദുരിതത്തോടുകൾ പലതു താണ്ടണം. ഒപ്പം ഒരുതുള്ളി വെള്ളം പോലും കുടിക്കാൻ കിട്ടാനില്ല. യാത്രാദുരിതത്തിന് പരിഹാരം കാണാൻ വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണിവർ. ആമ്പല്ലൂർ പഞ്ചായത്ത് 16-ാം വാർഡിൽ 2004ൽ റോഡിനുവേണ്ടി ഉടമകൾ വിട്ടുകൊടുത്ത സ്ഥലം കുറ്റിയടിച്ച് 20 വർഷം പിന്നിട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത ത്രിതല പഞ്ചായത്തുകളുടെ അവഗണനയ്ക്കെതിരെയാണ് ചിറയ്‌ക്കൽ പ്രദേശവാസികളുടെ വോട്ട് ബഹിഷ്കരണം.

പുറംലോകത്ത് എത്തിപ്പെടാനുള്ള ദുർഘടമായ പതയാണ് കുട്ടികളും വയോജനങ്ങളും അടങ്ങുന്ന 44 പേരുടെ പേടിസ്വപ്നം. നാലുവശവും തോടുകളാൽ ചുറ്റപ്പെട്ട ഇവിടെ നിന്ന് ഒരു കിലോമീറ്ററോളം കാടുപിടിച്ച വഴിച്ചാലും ആറ് താത്കാലിക നടപ്പാലങ്ങളും നാല് തെങ്ങിൻ പാലങ്ങളും പിന്നിട്ട് ഇഴജന്തുക്കളോട് മല്ലിട്ടാലേ ജനവാസമുള്ള പുത്തൻകാവിൽ എത്താൻ.

തോടുകളുടെ മുകളിൽ വാർത്തിട്ട കൈവരിയില്ലാത്ത സ്ലാബുകളാണ് പാലങ്ങൾ. അതിലേക്കു കയറാൻ കുത്തനെ സ്റ്റെപ്പുള്ളതിനാൽ സൈക്കിൾ പോലും വീട്ടിലെത്തിക്കാനാകില്ല. അടിയന്തര ഘട്ടങ്ങളിൽ ഒറ്റയടിപ്പാതയിലൂടെ ഗർഭിണികളെയോ രോഗികളെയോ കസേരയിലിരുത്തി രണ്ട്പേർക്ക് ഒരുമിച്ച് ചുമന്നുകൊണ്ടുപോകണം.

ആദ്യകാലത്ത് തോടുകളിലൂടെ ചെറുവഞ്ചിയിലായിരുന്നു യാത്രകൾ. പിൽക്കാലത്ത് തോടുകൾ സഞ്ചാരയോഗ്യമല്ലാതായി. 95കാരി കണ്ടത്തു വെളിയിൽ ജാനകിയമ്മയെ പോലുള്ള വയോധികർ പുറംലോകം കണ്ടിട്ട് വർഷങ്ങളായി.

റോഡിനു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ്, എം.എൽ.എ, എം.പി എന്നിവർക്ക് കൊടുത്ത പരാതികൾക്ക് കണക്കില്ല. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ കൊടുത്ത നിവേദനം പഞ്ചായത്തിലേക്ക് അയച്ചു. പഞ്ചായത്ത് അധികൃതർ പൊതുമരാമത്തിന് കൈമാറി, അത്ര മാത്രം.

11 കുടുംബങ്ങൾ,

ദ്രവിച്ച വീടുകൾ

കൂലിപ്പണിക്കാരാണ് 11 കുടുംബങ്ങളും. പഞ്ചായത്തിലെ16-ാം വാർഡ്‌ കണ്ടത്തിവെളിയിൽ ചിറയ്ക്കൽ ഭാഗത്തെ സാബു, ഗായകൻ, നിഷാദ്, അനീഷ്, ഉദയമ്മ, അജിമോൻ, ബിനീഷ്, സുരേഷ്‌കുമാർ, ഉണ്ണികൃഷ്ണൻ, അനി, ഗീത എന്നിവർക്ക് വഴിയെക്കുറിച്ചുള്ള പ്രതീക്ഷയേ നഷ്ടപ്പെട്ടു. ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്കിനായി തങ്ങളുടെ സ്ഥലങ്ങളും സർക്കാർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ വീടിന്റെ അറ്റകുറ്റപ്പണികൾ പോലും ചെയ്തിട്ടില്ല. പല വീടുകളും ദ്രവിച്ചു തുടങ്ങി.