puthiyakavu

കൊച്ചി: പുതിയകാവ് ഭഗവതി ക്ഷേത്രോത്സവത്തിനിടെ രണ്ടു പേരുടെ മരണത്തിനും 321 വീടുകളുടെ തകർച്ചയ്ക്കും ഇടയാക്കിയ വെടിക്കെട്ടപകട കേസിൽ ആറു പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ദേവസ്വം, കരയോഗം ഭാരവാഹികളായ ഉദയംപേരൂർ പുത്തൻപുരയിൽ അനിൽകുമാർ, തെക്കുംഭാഗം ചാലിയത്ത് സന്തോഷ്, പുതിയകാവ് രേവതിയിൽ ക‌ൃഷ്ണൻനായർ, കാരോത്ത് സതീശൻ, തെക്കുംഭാഗം വെട്ടുവേലിൽ ശശികുമാ‌ർ, തെക്കുംഭാഗം പി.കെ. നിവാസിൽ രഞ്ജിത് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സി.എസ്. ഡയസ് തള്ളിയത്. ഫെബ്രുവരി 12നായിരുന്നു അപകടം.

നാശനഷ്ടമുണ്ടായവരുടെ പരാതികൾ കേൾക്കാൻ അദാലത്ത് നടത്തുന്നത് കേരള ലീഗൽ സർവീസസ് അതോറിട്ടി പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു. സംഭവത്തിനു പിന്നിൽ സംഘാടകരുടെയും അധികാരികളുടെയും അശ്രദ്ധയുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. അപകടത്തിന് തലേന്ന് തെക്കേചേരുവാരത്തിന്റെ വെടിക്കെട്ടിന് പിന്നാലെ പൊലീസ് നോട്ടീസ് നൽകിയിരുന്നു. വടക്കുംഭാഗത്ത് വെടിക്കെട്ടുസാമഗ്രികൾ ശ്രദ്ധയിൽപ്പെട്ട വനിതാ എസ്.ഐ അന്നുരാത്രി തന്നെ കേസെടുക്കുകയും ചെയ്തെങ്കിലും തുടർനടപടിയുണ്ടായില്ല. അപകടദിവസം രാവിലെ തിരുവനന്തപുരത്തുനിന്ന് ടെമ്പോട്രാവലറിൽ കൂടുതൽ കരിമരുന്ന് എത്തിച്ചു. ലൈസൻസില്ലാതെയാണ് കരാറുകാരൻ പ്രവർത്തിച്ചിരുന്നത്. ഇക്കാര്യം അറിഞ്ഞില്ലെന്ന പ്രതികളുടെ വാദം അംഗീകരിക്കാനാവില്ല.

പുറ്റിങ്ങലും കണ്ണുതുറപ്പിച്ചില്ല

107 പേരുടെ മരണത്തിനിടയാക്കിയ 2016ലെ പുറ്റിങ്ങൽ വെടിക്കെട്ടപകടവും ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചു. പ്രഹരശേഷിയുള്ള വെടിക്കോപ്പുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആ സമയത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി. ചിദംബരേഷ്, ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. തുടർനിർദ്ദേശങ്ങളുമുണ്ടായി. എന്നാൽ ബന്ധപ്പെട്ടവർ ചട്ടലംഘനങ്ങളോട് വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. ഭൂമിയിലെ ഏറ്റവും മൂല്യമേറിയ സൃഷ്ടി ജീവൻ ആണെന്നും അതിനെ പണംകൊണ്ട് പകരം വയ്ക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.