boat

കൊച്ചി: സുസ്ഥിര ജലഗതാഗതം ലക്ഷ്യമിട്ട് സർവീസ് ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ 25ന് ഒരു വർഷം പൂർത്തിയാക്കും. ഒൻപത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവീസ് ആരംഭിച്ച വാട്ടർമെട്രോ 11 മാസം പിന്നിടുമ്പോൾ 13 ബോട്ടുകളുമായി അഞ്ച് റൂട്ടുകളിലേക്ക് വ്യാപിച്ചു. 11 മാസത്തിനകം 18,36,390 പേർ കൊച്ചി വാട്ടർ മെട്രോയിലെ യാത്രക്കാരായി. വിനോദസഞ്ചാരികളേറെയെത്തുന്ന ഫോർട്ടുകൊച്ചിയിലേക്കുൾപ്പെടെ വൈകാതെ സർവീസ് ആരംഭിക്കും.

പുത്തൻ ആശയമായതിനാൽ ആദ്യവർഷം കൊച്ചി വാട്ടർമെട്രോയെ അടുത്തറിയാനും കാണാനും കൊച്ചിയിലെത്തുന്നവരുടെ എണ്ണവും ഏറെയായിരുന്നു. സ്‌കൂളുകൾ, ക്ലബ്ബുകൾ, സംഘടനകൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽനിന്ന് ആളുകൾ കൂട്ടമായി വാട്ടർമെട്രോയിലേക്ക് ഒഴുകി. ദ്വീപ് നിവാസികൾക്ക് വാട്ടർമെട്രോയെ ദൈനംദിന യാത്രാ മാർഗ്ഗമാക്കാനും പദ്ധതികളൊരുങ്ങുന്നുണ്ട്.

20 മുതൽ 40 രൂപ വരെയാണ് ടിക്കറ്റ് നിരക്കെങ്കിലും വിവിധ യാത്രാപാസുകൾ ഉപയോഗിച്ച് 10രൂപനിരക്കിൽവരെ വാട്ടർമെട്രോയിൽ സ്ഥിരം യാത്രക്കാർക്ക് സഞ്ചരിക്കാം.


* ബോട്ടുകളുടെ എണ്ണക്കുറവ് വെല്ലുവിളി

പുതിയ റൂട്ടുകൾ ആരംഭിച്ചപ്പോഴും ബോട്ടുകളുടെ എണ്ണത്തിലെ കുറവ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ പ്രധാന വെല്ലുവിളിയാണ്. ഇതുമൂലം സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ റൂട്ടുകളിൽ സ്ഥിരം യാത്രക്കാരെത്തില്ലെന്ന ആശങ്കയുണ്ട്. പുതിയ റൂട്ടുകൾക്കായി അവശേഷിക്കുന്ന ബോട്ടുകൾ കൊച്ചിൻ ഷിപ്പ്‌യാർഡ് എത്രയുംവേഗം നൽകുമെന്ന് കെ.എം.ആർ.എൽ വ്യക്തമാക്കുന്നു. കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.

വാട്ടർ മെട്രോ ടെർമിനലുകളിലേക്ക് എത്തുന്നതിനും അവിടെനിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നതിനും ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി കൂടുതൽ മികച്ചതാക്കാൻ പുതിയ പദ്ധതികൾ ഒരുങ്ങുന്നുണ്ട്.


*ടൂറിസം സാദ്ധ്യതകളും പരിഗണിക്കും

അതാത് മേഖലകളിലെ ടൂറിസം സാദ്ധ്യതകൾ പരിഗണിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതിയൊരുക്കും. ദ്വീപുനിവാസികൾക്ക് വരുമാനമാകുന്ന തരത്തിൽ ഫിഷിംഗ്, കലാപരിപാടികൾ, മറ്റ് ആക്ടിവിറ്റികൾ എന്നിവ ക്രമീകരിച്ച് വാട്ടർമെട്രോയിൽ സഞ്ചാരികളെ ഹോപ്പ് ഓൺ ഹോപ്പ് ഒഫ് മാതൃകയിൽ ദ്വീപുകളിലേക്ക് എത്തിക്കുന്നതും വിനോദ സഞ്ചാരികൾക്ക് മാത്രമായി പ്രത്യേകം ട്രിപ്പുകളും അണിയറയിലൊരുങ്ങുന്നുണ്ട്.