fact
ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ

കൊച്ചി: ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ വീണ്ടും അടച്ചുപൂട്ടൽ ഭീഷണിയിൽ. കമ്പനി അധികതൃരും സ്കൂൾ മാനേജ്മെന്റും തമ്മിലുള്ള കരാറിന്റെ കാലാവധി അവസാനിച്ചതാണ് പ്രതിസന്ധിക്ക് കാരണം. സ്കൂൾ പൂട്ടാനുള്ള നീക്കത്തിൽനിന്ന് കമ്പനി അധികൃതർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ഫാക്ട് ഹൈസ്കൂൾ അലൂമ്‌നി അസോസിയേഷനും രംഗത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ കുറേവർഷങ്ങളായി മാർച്ച് അവസാനം സ്കൂൾ അധികതർക്ക് കമ്പനി മാനേജ്മെന്റ് നൽകുന്ന മാമ്മൂലാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ്. അതോടെ നിലവിലുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ആശങ്കയിലാകുമെന്ന് മാത്രമല്ല, പുതിയ അഡ്മിഷൻ ഉൾപ്പെടെ ഭാവിപദ്ധതികളെല്ലാം അവതാളത്തിലാവുകയും ചെയ്യും.

1960ൽ ഫാക്ട് മാനേജിംഗ് ഡയറക്ടർ ആയിരുന്ന എം.കെ.കെ നായർ ദീർഘവീക്ഷണത്തോടെ തുടങ്ങിവച്ച സരസ്വതീക്ഷേത്രമാണ് ഫാക്ട് ടൗൺഷിപ്പ് സ്കൂൾ. 2004ൽ സ്കൂൾ നടത്തിപ്പ് ചുമതല സ്വകാര്യ മാനേജ്മെന്റിന് കൈമാറി. പിന്നീട് ഫാക്ടിലെ ജീവനക്കാരുടെ, ഫാക്ട് എംപ്ലോയീസ് എഡ്യൂക്കേഷൻ ആൻഡ് സർവീസ് സൊസൈറ്റി 2015-16 അദ്ധ്യായനവർഷംമുതൽ സ്കൂളിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തു. സൊസൈറ്റിയിലെ അംഗങ്ങൾ സ്വന്തം പോക്കറ്റിൽനിന്ന് പണമെടുത്ത് 40ലക്ഷത്തോളംരൂപ ചെലവഴിച്ച് സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. പാഠ്യപാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയം എന്നപേരും ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിനുണ്ട്.

നാടിന്റെ കലാസാഹിത്യ സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിൽ നിരവധി പ്രതിഭകളെ സംഭാവനചെയ്ത വിദ്യാലയം കൂടെക്കൂടെ അടച്ചുപൂട്ടൽ ഭീഷണിനേരിടുന്നത് വെല്ലുവിളിയാണെന്നാണ് അലുമ്‌നി അസോസിയേഷന്റെ നിലപാട്.

നിലവിൽ 127 വിദ്യാർത്ഥികളും 15 അദ്ധ്യാപകരും ഉണ്ട്. സൊസൈറ്റിക്ക് അനുവദിച്ചിരുന്ന കാലാവധി കഴിഞ്ഞതിനാൽ മാർച്ച് 30ന് സ്കൂൾ പൂട്ടി മാനേജ്മെന്റിന് താക്കോൽ കൈമാറിയിട്ടുണ്ട്. അതേസമയം അടുത്തവർഷത്തെ പ്രവർത്തനത്തിന് ആവശ്യമായ യാതൊരു നടപടിയും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. ഭാവികാര്യങ്ങൾ തീരുമാനിക്കാൻ ഇന്ന് സ്കൂൾ പി.ടി.എയുടെ അടിയന്തരയോഗം ഹെഡ്മാസ്റ്റർ വിളിച്ചുചേർത്തിട്ടുണ്ട്.

* ആശങ്ക പരത്തുന്നത് നീതികേട്

എല്ലാവർഷവും അഡ്മിഷൻ ആരംഭിക്കുന്ന സമയത്ത് നോട്ടീസ് നല്കി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ആശങ്ക പരത്തുന്നത് ഭാവിതലമുറയോട് കാട്ടുന്ന നീതികേടാണെന്ന് സി.ഐ.ടി.യു ദേശിയ സെക്രട്ടറിയും അലൂമ്‌നി അസോസിയേഷൻ പ്രസിഡന്റുമായ കെ. ചന്ദ്രൻപിള്ള, സെക്രട്ടറി പി.എസ്. അനിരുദ്ധൻ എന്നിവർ പറഞ്ഞു.