പറവൂർ: പുതിയ ദേശീയപാതയിൽ നിർമ്മിക്കുന്ന മൂത്തകുന്നം - കോട്ടപ്പുറം പാലത്തിന്റെ തൂണുകളുടെ ബലപരിശോധന തുടങ്ങി. തൂണുകളുടെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് പരിശോധന. നിർമ്മാണ കമ്പനിയുടെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. പുഴയിൽ വെള്ളത്തിന്റെ അടിയിലുള്ള ഭാഗത്തെ കോൺക്രീറ്റിന്റെ ഉറപ്പാണ് പരിശോധിക്കുന്നത്. പാലത്തിനായി നിർമ്മിച്ച തൂണുകളുടെ കമ്പികൾ പുറത്ത് കാണുന്നതും കോൺക്രീറ്റ് ഇളകിപ്പോകുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം എൻ.എച്ച്.എ.ഐ അധികൃതർ സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഗുരുതരമായ പ്രശ്‌നങ്ങൾ ഇല്ലെന്നായിരുന്നു എൻ.എച്ച്.എ.ഐ അധികൃതരുടെ വിലയിരുത്തൽ. പുറംഭാഗത്തെ കമ്പികൾ പുറത്ത് കാണുന്നതു നിർമ്മാണത്തിൽ സാധാരണയാണെന്നും അറ്റകുറ്റപ്പണിയിലൂടെ പരിഹരിക്കാമെന്നും കരാർ കമ്പനി അധികൃതരും പറഞ്ഞു. വെള്ളത്തിന്റെ അടിയിലുള്ള ഭാഗത്തെ കോൺക്രീറ്റിന്റെ ഉറപ്പുകൂടി പരിശോധിച്ച ശേഷം തുടർനിർമ്മാണം നടത്താമെന്ന നിർദേശത്തെത്തുടർന്നാണ് പരിശോധന. പുഴയുടെ അടിയിലെ കുറച്ചു കോൺക്രീറ്റ് എടുത്തു ലാബിൽ അയച്ചാണ് പരിശോധിക്കുക. ദേശീയപാത നിർമാണത്തിന്റെ 38 ശതമാനം പണികൾ പൂർത്തിയായി. കരിങ്കല്ല്, മണ്ണ് എന്നിവയുടെ ക്ഷാമം ഇപ്പോഴും തുടരുകയാണ്. നിർമാണം തുടങ്ങി ഒന്നര വർഷമായിട്ടും കരാർ കമ്പനിക്ക് ക്വാറി ലഭിച്ചിട്ടില്ല.