കിഴക്കമ്പലം: റോഡ് ടാറിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ തൊഴിലാളികൾക്കു നേരെ എയർഗണ്ണിൽ നിന്ന് വെടിയുതിർത്ത കേസിൽ പട്ടിമറ്റം ചൂരക്കോട് പൊടിയൻ വീട്ടിൽ ഷാജി കുര്യാക്കോസ് (52), സുഹൃത്ത് കുറ്റട ഉണ്ണികൃഷ്ണൻ (53) എന്നിവരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ എട്ടരയോടെ, എരപ്പുംപാറയിൽ നിന്ന് ചൂരക്കോട് വഴി പോകുന്ന നേതാജി നഗർ റോഡിന്റെ റീ ടാറിംഗിനിടെയാണ് സംഭവം. റോഡ് റോളർ ഉപയോഗിച്ചപ്പോൾ വീടിന് സമീപത്തെ കരിങ്കൽക്കെട്ട് താഴ്ന്നുപോയെന്നാണ് ഷാജിയുടെ പരാതി. ഇത് റിപ്പയർ ചെയ്യണമെന്നാവശ്യപ്പെട്ട് റോളർ ഡ്രൈവറോട് തുടങ്ങിയ തർക്കം വെടിവയ്പിലെത്തുകയായിരുന്നു.

കരിങ്കൽക്കെട്ടിന്റെ ഭാഗം റിപ്പയർ ചെയ്ത ശേഷം പണി തുടർന്നാൽ മതിയെന്ന് ഷാജി ഇന്നലെ രാവിലെ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങൾ കരാറുകാരനുമായി സംസാരിച്ച് തീർക്കാൻ ഡ്രൈവർ പറഞ്ഞു. ഇതിൽ പ്രകോപിതനായ ഷാജിയും ഉണ്ണികൃഷ്ണനും ചേർന്ന് ഡ്രൈവറെ കൈയേറ്റം ചെയ്തു. മറ്റ് തൊഴിലാളികളും കരാറുകാരനും ഓടിയെത്തിയപ്പോൾ ഷാജി വീട്ടിൽ പോയി തോക്കുമായി വന്ന് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആകാശത്തേക്കും വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആർക്കും പരിക്കില്ല.

കരാറുകാരനും ഡ്രൈവറും നൽകിയ പരാതിയിലാണ് കുന്നത്തുനാട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. തോക്ക് പിടിച്ചെടുത്തു. ക്ളോസ് റേഞ്ചിൽ വെടിയേറ്റാൽ ഗുരുതരമായി പരിക്കേൽക്കുന്ന പ്രീ ചാർജ്ഡ് ന്യൂമാറ്റിക് എയർഗണ്ണാണ് പ്രതി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. തോക്ക് വിശദ പരിശോധനയ്‌ക്ക് സമർപ്പിച്ചിട്ടുണ്ട്.