arul
ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായയുടെ കടിയേറ്റ ആലുവ നഗരസഭാ കണ്ടിജൻസി ജീവനക്കാരൻ അരുൾ

ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായ വഴിയാത്രക്കാർ ഉൾപ്പെടെ ഒമ്പത് പേരെ കടിച്ചു. സമീപപ്രദേശങ്ങളിലായി മറ്റ് നാല് പേർക്കും തെരുവുനായ്‌ക്കളുടെ കടിയേറ്റു.

ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് കടിയേറ്റ ആലുവ മാധവപുരം കോളനി ചക്കാലക്കൽ വീട്ടിൽ സേവ്യർ (73), സിറിയൻ ചർച്ച് റോഡിൽ പെട്ടവീട്ടിൽ ആന്റണി (22), വെളിയത്തുനാട് പൂജപ്പറമ്പ് സലിം (55), പുത്തൻവേലിക്കര കല്ലറക്കൽ ജോസഫ് (39), പെരുമ്പാവൂരിൽ താമസിക്കുന്ന അസാം സ്വദേശി റഫീഖുൽ ഇസ്ലാം (20), ആലുവ കൈലാസ് കോളനി അന്നക്കുഴി വീട്ടിൽ രാജമ്മ (43), മഴുവന്നൂർ ഓളത്ത് വീട്ടിൽ അനിൽകുമാർ (57), പെരുമ്പാവൂർ കൂവപ്പടി പള്ളിക്കര വീട്ടിൽ പോൾ (57), നഗരസഭ കണ്ടിജൻസി ജീവനക്കാരൻ അരുൾ എന്നിവരും മറ്റു സ്ഥലങ്ങളിൽവച്ച് കടിയേറ്റ നീലീശ്വരം പുതിയിടത്ത് നന്ദന, പള്ളിമുക്ക് കൊല്ലം ഹൗസിൽ ആന്റണി, കീഴ്മാട് കൈത്തോട്ടുങ്ങൽ യോഹന്നാൻ, കോടനാട് സ്വദേശി ബേബി എന്നിവരും ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം മെഡിക്കൽ കോളേജിലുമായി ചികിത്സതേടി.

തിങ്കളാഴ്ച വൈകിട്ടും ഇന്നലെ പുലർച്ചെയുമായിരുന്നു ബസ് സ്റ്റാൻഡിൽ നായയുടെ ആക്രമണം. പട്ടി, പൂച്ച എന്നിവയുടെ കടിയേറ്റാൽ ആദ്യദിവസമെടുക്കുന്ന കുത്തിവയ്പിനു പുറമെ 3,7,26 ദിവസങ്ങളിലും എടുക്കണം. കടിയേറ്റ അസാം സ്വദേശി ട്രെയിൻ മാർഗം ഇന്നലെ നാട്ടിലേക്ക് പോയെന്നാണ് വിവരം. നാട്ടിലെത്തിയ ശേഷം കൃത്യമായി ഇഞ്ചക്ഷൻ എടുത്തില്ലെങ്കിൽ രോഗസാദ്ധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

നായ പിടിയിൽ; പേവിഷ

പരിശോധന ഇന്ന്

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിരവധിപേരെ കടിച്ച നായയെ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി. ഇന്നലെ വൈകിട്ട് വൈക്കത്തു നിന്നെത്തിയ അനീഷ് സോമൻ, വിഷ്ണു എന്നിവരാണ് നെറ്റ് ഉപയോഗിച്ച് പിടികൂടിയത്. നഗരസഭാ ടൗൺഹാളിൽ പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്ന നായയെ മൃഗഡോക്ടർ ഇന്ന് പരിശോധിക്കും.

തെരുവു നായല്ലെന്ന്

ബസ് സ്റ്റാൻഡിൽ അക്രമകാരിയായത് തെരുവുനായ അല്ലെന്ന് നഗരസഭ ആരോഗ്യവിഭാഗം പറയുന്നു. കടിച്ച നായയുടെ കഴുത്തിൽ ചങ്ങലയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. വളർത്തനായ്‌ക്കളെ റോഡിൽ ഉപേക്ഷിക്കുമ്പോൾ സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിയാതെ അവ അക്രമസ്വഭാവം കാണിക്കുന്നതാണ്. പിടിയിലായ നായയെ സംരക്ഷിക്കാൻ മൃഗസ്‌നേഹികൾക്ക് മുന്നോട്ടുവന്നാൽ വിട്ടുനൽകുമെന്ന് നഗരസഭാ ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു.