ആലുവ: കുടിവെള്ള ക്ഷാമം രൂക്ഷമായ ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്നിൽ 60 ലക്ഷം രൂപയുടെ പദ്ധതിയുടെ നിർമ്മാണം നിലച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. ആറ് മാസം മുമ്പ് ആരംഭിച്ച നിർമ്മാണമാണ് യാതൊരു കാരണവുമില്ലാതെ രണ്ട് മാസത്തോളമായി മുടങ്ങിക്കിടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ പള്ളിക്കുന്നിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി ആഴ്ചയിൽ മൂന്ന് ദിവസം മുട്ടം, തായിക്കാട്ടുക്കര, പട്ടേരിപ്പുറം, കമ്പനിപ്പടി ഭാഗത്തെയ്കുള്ള വാൽവുകൾ അടച്ചിട്ടാണ് നേരത്തെ മുതൽ പള്ളിക്കുന്നിലേയ്ക്ക് വെള്ളം എത്തിച്ചിരുന്നത്. ഇത് പഞ്ചായത്തിലെ എല്ലാ ഭാഗത്തെയും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അൻവർ സാദത്ത് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം പള്ളിക്കുന്ന് കുടിവെള്ള പദ്ധതിക്ക് അനുവദിച്ചത്.
നിർമ്മാണം വേഗത്തിലാക്കണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും വാട്ടർ അതോറിട്ടിയോട് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. രണ്ട് മാസമായി നിർമ്മാണം നിലച്ചതോടെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.
എക്സി. എൻജിനിയറെ ഉപരോധിച്ചു
പുള്ളിക്കുന്ന് കുടിവെള്ള പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആലുവയിൽ വാട്ടർ അതോറിട്ടി എക്‌സി. എൻജിനിയറെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉപരോധിച്ചു. മൂന്ന് ദിവസത്തിനകം നിർമ്മാണം ആരംഭിക്കുമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി ചെയർമാൻമാരായ ഷീലാ ജോസ്,മുഹമ്മദ് ഷെഫീക്, റൂബി ജിജി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ജമാൽ, പഞ്ചായത്തംഗങ്ങളായ രമണൻ ചേലാകുന്ന്, പി.എസ്. യുസഫ്, രജേഷ് പുത്തനങ്ങാടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി. നാസർ, ടി.ഐ. മുഹമ്മദ്, ജി. മാധവൻകുട്ടി, എം.വി. ജോസ് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.