കൊച്ചി: ചാലക്കുടിയിലെ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ പ്രചാരണം ടോപ് ഗിയറിലേയ്ക്ക്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കി.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് ചാലക്കുടി, അങ്കമാലി നിയമസഭാ മണ്ഡലങ്ങളിൽ ലിറ്റിൽ ഫ്‌ലവർ ആശുപത്രി, പി.ഡി.ഡി.പിയുടെ കുറ്റിലക്കരയിലെ ഓഫീസ്, പ്ലാന്റ്, സ്‌നേഹസദൻ കോളേജ്, മഠങ്ങൾ, സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചു.
രണ്ടാംഘട്ടമായ വാഹന പ്രചാരണജാഥ ഇന്ന് രാവിലെ 7.30ന് കുന്നത്തുനാട് ചേലക്കുളത്ത് ആരംഭിക്കും. വൈകിട്ട് പുലിയാമ്പിള്ളിമുകളിലാണ് സമാപനം.
യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ഇന്നലെ കാക്കനാട്ടെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പടെ നേതാക്കളുടെ അകമ്പടിയോടെയാണ് പത്രിക സമർപ്പിക്കാനെത്തിയത്.
ഉച്ചയ്ക്കുശേഷം അങ്കമാലി നിയമസഭാ മണ്ഡലത്തിലാണ് പ്രചാരണം നടത്തിയത്. പ്രമുഖ വ്യക്തികൾ, സ്ഥാപനങ്ങൾ, പാർട്ടി പ്രവർത്തകർ, നേതാക്കൾ തുടങ്ങിയവരെ സന്ദർശിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ എ.ഡി.എം ആശ സി. എബ്രഹാമിനു നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, മണ്ഡലം കൺവീനർ വി.കെ. ഭസിത് കുമാർ, ദേശീയ കൗൺസിൽ അംഗം പിഎം വേലായുധൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു,
ട്വന്റി 20 പാർട്ടി സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ കൊടുങ്ങല്ലൂർ, പുല്ലൂറ്റ്, ചപ്പാറ, കാവിൽക്കടവ്, ഉണ്ടേക്കടവ്, അഞ്ചങ്ങാടി ജംഗ്ഷൻ, കോട്ടപ്പുറം കോട്ട, കോട്ടപ്പുറം തുരുത്ത്, ടി.കെ.എസ് പുരം, വി.പി തുരുത്ത്, കീഴ്ത്തളി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.