കൊച്ചി: ആലുവ തോട്ടുംമുഖം- എടയപ്പുറം റോഡിൽ കിൻഫ്ര വ്യാവസായിക പൈപ്പ്‌ലൈൻ പദ്ധതി ഉപരോധിച്ച് സമരം നടത്തിയ കേസിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മൂന്നുദിവസത്തിനകം ആലുവ പൊലീസിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കാമെന്നറിയിച്ചതിനാൽ ഷിയാസിനെ കസ്റ്റഡിയിൽ നൽകേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. മുഹമ്മദ് ഷിയാസ് നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. രണ്ടുദിവസങ്ങളിലായി രാവിലെ 10നും വൈകിട്ട് അഞ്ചിനുമിടയിൽ ചോദ്യംചെയ്യാം. ചോദ്യംചെയ്തശേഷം അറസ്റ്റുചെയ്യുന്ന സാഹചര്യമുണ്ടായാൽ 50,000 രൂപയുടെ ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലും ഷിയാസിനെ ജാമ്യത്തിൽ വിടണമെന്നും നിർദ്ദേശമുണ്ട്. 12ന് കേസ് വീണ്ടും പരിഗണിക്കുംവരെ ഉത്തരവ് നിലനിൽക്കും.
കഴിഞ്ഞ ഫെബ്രുവരി 27നാണ് വെളിയത്തോപ്പിൽവച്ച് കോൺഗ്രസ് പ്രവർത്തകർ പൈപ്പുലൈൻ പണി തടഞ്ഞത്. പ്രദേശത്ത് കുടിവെള്ളക്ഷാമത്തിന് പദ്ധതി കാരണമാകുമെന്നാരോപിച്ചായിരുന്നു സമരം. ഇതിനിടെ മാർഗതടസം സൃഷ്ടിച്ചെന്നും പൊലീസിനെതിരേ ബലപ്രയോഗവും ഭീഷണിയും ഉണ്ടായെന്നുമാണ് എഫ്.ഐ.ആർ.