koch

കൊച്ചി: ഇടതു വലതു മുന്നണികൾ രണ്ടാം ഘട്ട പ്രചാരണം പൂർത്തിയാക്കി പത്രികാ സമർപ്പണത്തിലേക്ക് കടക്കുന്നതോടെ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ പോരാട്ടച്ചൂട് കനക്കുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ മണ്ഡലം കൺവെൻഷൻ കൂടി കഴിഞ്ഞതോടെ മൂന്ന് മുന്നണികളും പ്രചാരണം ഒപ്പത്തിനൊപ്പമെത്തിക്കാനുള്ള ഓട്ടത്തിലാണ്.

എറണാകുളം മാർക്കറ്റിൽ നിന്നാണ് ഇന്നലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ പ്രചാരണം ആരംഭിച്ചത്. താൽക്കാലികമായി നിർമ്മിച്ച മാർക്കറ്റിലെ കടകൾ സന്ദർശിച്ച് പിന്തുണ തേടി. പിന്നീട് അയ്യപ്പൻ കാവ് ഏരിയാ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്തു. വിവിധ കൺവെൻഷനുകളിൽ പങ്കെടുത്തു.

എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ നാളെ രാവിലെ 11ന് കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കും.

കുന്നുകര പഞ്ചായത്തിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ഇന്നലെ പ്രചാരണം തുടങ്ങിയത്. വടക്കേക്കര മണ്ഡലത്തിലും തുടർന്ന് ചിറ്റാട്ടുകര, ചേന്ദമംഗലം എന്നിവിടങ്ങളിലും ഹൈബി പര്യടനം നടത്തി. വിവിധ മേഖലകളിലെ തൊഴിലാളികളെ സന്ദർശിച്ചു.

ട്വന്റി-20 സ്ഥാനാർത്ഥി അഡ്വ. ആന്റണി ജൂഡി രണ്ടാം ഘട്ട പര്യടനത്തിന്റെ ഭാഗമായി കൊച്ചിയിലെ തീരദേശ മേഖലകളായ കടമക്കുടി, മഴുവന്നൂർ, മുളവുകാട്, മൂലമ്പിള്ളി പഞ്ചായത്തുകളിലാണ് പര്യടനം നടത്തി.

എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. വരണാധികൂടിയായ കളക്ടർ എൻ.എസ്.കെ. ഉമേഷ് മുൻപാകെ രാവിലെ 11നാണ് പത്രികാ സമർപ്പണം.