കൊച്ചി: പ്രായാധിക്യത്താൽ കിടപ്പിലായ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ചോർന്നൊലിക്കുന്ന വീട്ടിൽ താമസിക്കുന്ന വൃദ്ധന് ലൈഫ് മിഷനിൽ വീട് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തിൽ കമ്മീഷന്റെ ആദ്യ നിർദ്ദേശം പാലിക്കപ്പെടാത്തതിനാലാണ് ആവർത്തിച്ചുള്ള ഇടപെടൽ.
ലൈഫ് മിഷൻ ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. എറണാകുളം മാലിപ്പുറം വളപ്പ് തേരോത്ത് വീട്ടിൽ ടി.പി. സന്തോഷ് സമർപ്പിച്ച പരാതിയിൽ 2020 ഒക്ടോബർ 22നായിരുന്നു ആദ്യ ഇടപെടൽ.
നടപടി വൈകിയതോടെ പരാതിക്കാരൻ വീണ്ടും കമ്മീഷനെ സമീപിക്കുകയായിരുന്നു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി. തീരുമാനമെടുക്കേണ്ടത് ലൈഫ് മിഷൻ ആയതിനാൽ പരാതിക്കാരന്റെ അപേക്ഷ ലൈഫ് മിഷന് കൈമാറിയിട്ടുണ്ടെന്ന് പഞ്ചായത്ത് അറിയിച്ചു.
മുമ്പ് തന്റെ പേര് 10, 7 എന്നീ ക്രമനമ്പറുകളിലായിരുന്നുവെന്നും ഇപ്പോഴാണ് 444 ആയതെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പരാതിക്കാരന്റെ സാമ്പത്തികസ്ഥിതിയും സ്വന്തമായി വാസയോഗ്യമായ വീടില്ലെന്ന യാഥാർത്ഥ്യവും കണക്കിലെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.