pic

കൊച്ചി: വൻകരയിലേതു പോലെ പ്രചാരണക്കൊഴുപ്പില്ലെങ്കിലും ലക്ഷദ്വീപിൽ തിരഞ്ഞെടുപ്പ് ചൂടു പിടിച്ചു. ആഘോഷത്തോടെയുള്ള പ്രചാരണ പരിപാടികളില്ല. കൊച്ചി, കോഴിക്കോട്, മംഗലാപുരം നഗരങ്ങളിലും ദ്വീപിലെ സ്ഥാനാർത്ഥികൾക്കായി പ്രചാരണമുണ്ട്.

റംസാൻ നോമ്പുകാലമായതിനാൽ ലക്ഷദ്വീപിൽ ശാന്തമായാണ് പ്രചാരണം. വീടുകൾ കയറിയും കുടുംബയോഗങ്ങൾ നടത്തിയും വോട്ടു തേടുന്നു. തിരഞ്ഞെടുപ്പ് കൺവെൻഷനുകളോ സ്റ്റേജ് കെട്ടി പൊതുയോഗങ്ങളോ ഇവിടെയില്ല.

ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലമാണിത് - 57,784 വോട്ടർമാർ. ഇവരിൽ പലരും പുറംനാടുകളിലാണ്. അവരോട് ഫോണും സമൂഹമാദ്ധ്യമങ്ങളും വഴി സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥിക്കുന്നുണ്ട്.

സിറ്റിംഗ് എം.പി എൻ.സി.പിയിലെ (ശരത് പവാർ) മുഹമ്മദ് ഫൈസൽ, കോൺഗ്രസിലെ ഹംദുള്ള സെഈദ്, എൻ.സി.പിയിലെ (അജിത് പവാർ) ടി.പി. യൂസുഫ്, ഹിദയത്തുള്ള ആർ.എം., കോയ എന്നിവരാണ് പത്രിക സമർപ്പിച്ചവർ.

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിന്റെ ജനദ്രോഹനയങ്ങൾ എടുത്തുപറഞ്ഞാണ് ദ്വീപിൽ പ്രചാരണം കൊഴുക്കുന്നത്. 10,668 പേരുള്ള അന്ത്രോത്താണ് കൂടുതൽ വോട്ട‌ർമാരുള്ള ദ്വീപ്. ഏറ്റവും കുറവ് ബിത്ര ദ്വീപിൽ - 237 വോട്ടർമാർ.

കൊച്ചിയിൽ ലക്ഷദ്വീപുകാർ ധാരാളമായി താമസിക്കുന്ന ജനറൽ ആശുപത്രി പരിസരം, ഗാന്ധിനഗർ എന്നിവിടങ്ങളിൽ പോസ്റ്ററുകൾ ഒട്ടിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ഹംദുള്ള സെഈദിന്റെ പോസ്റ്ററുകളാണ് കൂടുതൽ. കോഴിക്കോട്, മംഗലാപുരം, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലും പ്രചാരണമുണ്ട്. ലക്ഷദ്വീപിൽ നിന്ന് വിദ്യാ‌ർത്ഥികൾ, ഉദ്യോഗസ്ഥർ എന്നിവരടക്കം 4000ത്തിലധികം പേർ കൊച്ചിയിലുണ്ട്. ഇവർ വോട്ടു ചെയ്യാൻ ലക്ഷദ്വീപിലേക്ക് പോകും. പെരുന്നാൾ കൂടിയായതിനാൽ എല്ലാവരുമെത്തും.