srv
എസ്.ആർ.വി സ്‌കൂൾ

കൊച്ചി: ഹോസ്റ്റലില്ലെന്ന ഒറ്റക്കാരണം കൊണ്ട് പനമ്പിള്ളി നഗർ സ്‌പോർട്‌സ് സ്‌കൂളിലെ 25ലേറെ പെൺകുട്ടികൾ എസ്.ആർ.വി സ്‌കൂളിലേക്ക്. പനമ്പിള്ളിനഗർ സ്‌പോർട്‌സ് സ്‌കൂളിലെ കുട്ടികളുടെ പരിശീലനത്തിനും ഭക്ഷണത്തിനുമെല്ലാം പണം മുടക്കുന്നത് സ്‌പോർട്‌സ് കൗൺസിലാണ്. ആൺകുട്ടികൾക്ക് സ്‌കൂൾ വളപ്പിൽ ഹോസ്റ്റലുണ്ട്.

പെൺകുട്ടികൾക്ക് സ്‌കൂളിനു പുറത്താണ് താമസസൗകര്യം. ഈയിനത്തിൽ സ്‌പോർട്‌സ് കൗൺസിലിന് 75,000ലേറെ രൂപയാണ് മാസം മുടക്കേണ്ടി വരുന്നത്. ഈ പശ്ചാത്തലത്തിലാണ് പെൺകുട്ടികളെ എസ്.ആർ.വിയിലേക്ക് മാറ്റാൻ ആലോചിക്കുന്നത്. ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന എസ്.ആർ.വിയിൽ ഇത്തവണ മുതൽ കോ-എഡ്യുക്കേഷന് സർക്കാർ അനുമതിയുണ്ട്. ഇതോടെയാണ് പെൺകുട്ടികളെ ഇവിടേക്ക് എത്തിക്കാനുള്ള വഴിയൊരുങ്ങിയത്. 7 മുതൽ 10വരെയുള്ള ക്ലാസുകളിലെ കുട്ടികളെയാണ് ഇവിടേക്ക് എത്തിക്കുക. ഇതിനുള്ള അനുമതി തേടി ഉന്നത ഉദ്യോഗസ്ഥർ മുതൽ മന്ത്രി തലത്തിൽ വരെ അപേക്ഷ നൽകി കാത്തിരിക്കുകയാണ് അധികൃതർ.

 ആദ്യം താത്കാലിക താമസം

അനുമതി ലഭിച്ചാലുടൻ ഇവർക്കുള്ള താത്കാലിക താമസസൗകര്യം ഒരുക്കും. എസ്.ആർ.വിയിലെ യു.പി ഓഡിറ്റോറിയമാണ് ഇതിനുപയോഗിക്കുക. താത്കാലിക താമസ സൗകര്യമൊരുക്കാൻ മാത്രം ആറുലക്ഷത്തിലേറെ രൂപ വേണ്ടി വരും. എസ്.ആർ.വിയിലെ ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷനാണ് കുട്ടികളെ ഇവിടേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ മുൻപന്തിയിലുള്ളത്. കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങൾ ഒരുക്കാനും ഇവർ മുന്നിലുണ്ട്.

 മഹാരാജാസിൽ പരിശീലനം

ഇങ്ങനെയെത്തുന്ന കുട്ടികൾക്ക് സ്‌പോർട്‌സ് കൗൺസിലിന്റെ പരിശീലകനുണ്ട്. ദിവസം ഭക്ഷണത്തിന് 300 രൂപയും കൗൺസിൽ നൽകും. പരിശീലനസൗകര്യങ്ങൾ മഹാരാജാസ് കോളേജിൽ ഒരുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതിനുള്ള ആദ്യവട്ട ചർച്ചകൾ നടന്നുകഴിഞ്ഞു.