കൊച്ചി: കൊല്ലം പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ അമിക്കസ്‌ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. അഡ്വ. വി. ജോൺ സെബാസ്റ്റ്യൻ റാൾഫിനെയാണ് ജസ്റ്റിസ് കെ. ബാബു നിയമിച്ചത്. പൊതുപ്രവർത്തകയും അനീഷ്യ ഐക്യദാർഢ്യസമിതി കൺവീനറുമായ പി.ഇ. ഉഷയാണ് ഹർജി നൽകിയത്. പ്രോസിക്യൂഷൻ വിഭാഗത്തിലെ പല അഭിഭാഷകരും ഓഫീസിൽ ഹാജരാകാത്ത ദിവസങ്ങളിലും പ്രതിഫലം പറ്റുന്നതായി ഹർജിയിൽ പറയുന്നു. ഇത്തരം പ്രവണതകൾ ചോദ്യംചെയ്തതിനെത്തുടർന്ന് സഹപ്രവ‌ർത്തകൻ എ.പി.പി ശ്യാംകൃഷ്ണയും മേലധികാരി ഡി.ഡി.പി അബ്ദുൽ ജലീലും മാനസികമായി പീഡിപ്പിച്ചതാണ് അനീഷ്യ ജീവനൊടുക്കാൻ കാരണമെന്നും ആരോപണമുണ്ട്. സർക്കാർ വിശദീകരണം തേടിയ കോടതി ഹർജി 12ന് വീണ്ടും പരിഗണിക്കാൻ മാറ്റി.