
കൊച്ചി: കൊച്ചിയിൽ മനുഷ്യജീവനെടുക്കും വിധത്തിലേക്ക് വളർന്ന് ഉത്തരേന്ത്യക്കാരുടെ രഹസ്യ ലഹരികേന്ദ്രങ്ങൾ. മട്ടാഞ്ചേരിയിൽ ഉപയോഗശൂന്യമായ ബോട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ അസാം സ്വദേശിയായ മത്സ്യത്തൊഴിലാളി ഭാസ്‌കർ ജ്യോതി ഗൊഗോയിയുടെ (23) മരണകാരണം അമിതമയക്കുമരുന്ന് ഉപയോഗമാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞമാസം 20ന് കലൂർ ആസാദ് റോഡിൽ എക്‌സൈസ് റെയ്ഡ് ചെയ്ത വാടകവീട്ടിൽ ഇയാൾ എത്തിയിരുന്നു. റെയ്ഡിന്റെ തലേന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഉത്തരേന്ത്യക്കാർ നടത്തിയിരുന്ന കേന്ദ്രത്തിൽ എത്തിയത്. ഹെറോയിനും കഞ്ചാവുമെല്ലാം വില്പനയ്ക്കുണ്ടായിരുന്നു. ഇവിടെ അനാശാസ്യപ്രവർത്തനങ്ങളും നടന്നിരുന്നു.
ഭാസ്‌കർ ജ്യോതിയെ പിറ്റേന്ന് മട്ടാഞ്ചേരി കൊച്ചങ്ങാടിയിലെ സീഫുഡ് കമ്പനിക്ക് പിന്നിൽ ഉപയോഗശൂന്യമായ ബോട്ടിൽ മരിച്ചനിലയിലാണ് കാണുന്നത്. കമ്പനിയിലെ ജീവനക്കാരാണ് മൃതദേഹം കണ്ടത്. മട്ടാഞ്ചേരി പൊലീസിന്റെ അന്വേഷണത്തിൽ ഇയാളുടെ സുഹൃത്തുക്കളെ കണ്ടെത്തി. അമിതമായി മയക്കുരുന്ന് ഉപയോഗിച്ചതുമൂലമുണ്ടായ നിർജലീകരണമാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം ലഭിച്ചതോടെ കൊലപാതകമെന്ന സംശയം നീങ്ങി. അമിതമായി മദ്യപിച്ചിരുന്നതിനാൽ ഇയാളെ മത്സ്യബന്ധത്തിന് കൊണ്ടുപോയിരുന്നില്ല. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കലൂരിലേക്ക് പോയത്.
കഴിഞ്ഞ 21നായിരുന്നു എക്‌സൈസ് റെയ്ഡ്.
അസി. എക്‌സൈസ് കമ്മിഷണർ ജിമ്മി ജോസഫിന് ലഭിച്ച വിവരത്തെ തുടർന്നാണ് എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രമോദും സംഘവും മിന്നൽ പരിശോധന നടത്തിയത്. അസാം ലഖിപർ സ്വദേശി നസൂർ താവ് (30), പശ്ചിമബംഗാൾ കലംഗപൂർ സ്വദേശി നബി ഹുസൈൻ (23) എന്നിവരെ പിടികൂടിയിരുന്നു. 1.252ഗ്രാം കഞ്ചാവും 10ഗ്രാം ഹെറോയിനും കണ്ടെടുത്തിരുന്നു. ഉത്തരേന്ത്യൻ യുവതികളെ ഉപയോഗിച്ച് അസാമിൽനിന്നാണ് വീര്യംകൂടിയ മയക്കുമരുന്ന് എത്തിച്ചിരുന്നത്.