കൊച്ചി: ആശുപത്രി ശൃംഖലയായ സൺറൈസ് ഗ്രൂപ്പിന്റെ പുതിയ ലോഗോ ഈമാസം ആറിന് വൈകിട്ട് ഏഴിന് ആശുപത്രി അങ്കണത്തിൽ വ്യവസായമന്ത്രി പി. രാജീവ് പ്രകാശനം ചെയ്യും. പ്ലസ് ടു വിജയിച്ച അഞ്ച് വിദ്യാർത്ഥികൾക്ക് ഒരുലക്ഷം രൂപ വീതം നൽകുന്ന സൺ സ്‌കോളർ പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്യും.

പി.വി. ശ്രീനിജിൻ എം.എൽ.എ., തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ രാധാമണി പിള്ള, വൈസ് ചെയർമാൻ പി.എം. യൂനസ്, സൺറൈസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ, മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ് തുടങ്ങിയവർ പങ്കെടുക്കും.

നിരവധി അപൂർവ ശസ്ത്രക്രിയകൾ നടത്തി ശ്രദ്ധ നേടിയ ഡോ. ഹഫീസ് റഹ്മാൻ ചെയർമാനായ സൺറൈസ് ആശുപത്രി ആധുനികവത്കരണത്തിന്റെ ഭാഗമായാണ് പുതിയ ലോഗോ രൂപകല്പന ചെയ്തത്. കെയർ ബിയോണ്ട് ക്യുവർ എന്നതാണ് ഗ്രൂപ്പിന്റെ ആപ്തവാക്യം. ഗ്രൂപ്പിന് കീഴിൽ ആറ് ആശുപത്രികളുണ്ട്. മൂന്നു വർഷത്തിനകം 25 ആശുപത്രികൾ കൂടി സ്ഥാപിക്കുകയാണ് ലക്ഷ്യം.

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് പഠന രംഗത്ത് മികവ് തെളിയിച്ച പ്ലസ് ടു കഴിഞ്ഞ അഞ്ചു വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി ഒരുലക്ഷം രൂപ സഹായം നൽകുന്നത്. വരും വർഷങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് സഹായം നൽകുമെന്ന് സൺറൈസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ എസ്. സുരേഷ്‌കുമാർ തമ്പി, ജനറൽ മാനേജർ എ. മുഹമ്മദ് റിയാസ്, ബ്രാൻഡ് മാനേജർ മറിയം ഹഫീസ്, ചീഫ് മാർക്കറ്റിംഗ് ഓഫിസർ അജേഷ് നമ്പ്യാർ, ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫിസർ കോശി കെ. അഞ്ചേരിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.