പെരുമ്പാവൂർ: വാഹനബാറ്ററി മോഷണക്കേസിൽ ഐരാപുരം കൂഴൂർ പാറത്തട്ടേൽ വീട്ടിൽ മനുമോഹനെ (25) പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 29ന് രാത്രി വളയൻചിറങ്ങരയിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിനു മുന്നിൽപാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ ബാറ്ററി മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്.
ഇയാൾക്കെതിരെ കുന്നത്തുനാട്, കുറുപ്പുംപടി, മൂവാറ്റുപുഴ, കോടനാട് പൊലീസ് സ്റ്റേഷനുകളിലായി 9 കേസുകൾ നിലവിലുണ്ട്. കോടനാട് സ്റ്റേഷനിലെ മോഷണക്കേസിൽ രണ്ടാഴ്ചമുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കാപ്പപ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷ്ടിച്ച ബാറ്ററി പൊലീസ് കണ്ടെടുത്തു.
ഇൻസ്പെക്ടർ എം.കെ. രാജേഷ്, എസ്.ഐ എൻ.പി. ശശി, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എൻ. മനോജ്കുമാർ, ടി.എ. അഫ്സൽ, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.