dr-tony-fernandas
ആലുവ നഗരപരിധിയിൽ 13 പേരെ തെരുവുനായ ആക്രമിച്ച സംഭവത്തിനെതിരെ ആലുവ നഗരസഭ കാര്യാലയത്തിന് മുമ്പിൽ നടന്ന നിൽപ്പ് സമരം ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തപ്പോൾ

ആലുവ: ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഒമ്പത് വഴിയാത്രക്കാരെ കടിച്ച നായക്ക് പേവിഷ ബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെ ആശ്വാസം. ആലുവ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശ പ്രകാരം ആലുവ മൃഗാശുപത്രിയിലെ ഡോ. പ്രിയയുടെ നേതൃത്വത്തിൽ ഇന്നലെ നായയെ പരിശോധിച്ച് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ടും ചൊവ്വാഴ്ച്ച പുലർച്ചെയുമായിരുന്നു ബസ് സ്റ്റാൻഡിൽ നായയുടെ ആക്രമണമുണ്ടായത്. തുടർന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വൈക്കത്തു പട്ടിപിടുത്തക്കാരെ എത്തിച്ച് പിടികൂടുകയായിരുന്നു. നഗരസഭാ ടൗൺഹാളിൽ സൂക്ഷിച്ചിരിക്കുന്ന നായയെ മൃഗഡോക്ടർ ഇന്നലെ സ്ഥലത്തെത്തി പരിശോധിച്ചു. ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ നായ ആവശ്യമായ ഭക്ഷണം കഴിക്കുന്നില്ല. മാത്രമല്ല, അക്രമണം കാണിച്ചത് തെരുവുനായ അല്ലെന്നും വളർത്തുനായയാണെന്നും ആരെങ്കിലും വഴിയിൽ ഉപേക്ഷിച്ചതോ ഒറ്റപ്പെട്ട് എത്തിയതോ ആകാനാണ് സാധ്യതയെന്നും ഡോക്ടർമാർ സൂചന നൽകി.

നായയെ നഗരസഭ ആരോഗ്യ വിഭാഗം സംരക്ഷിക്കുകയാണെന്നും ആവശ്യക്കാരെത്തിയാൽ വിട്ടുനൽകുമെന്നും അധികൃതർ പറഞ്ഞു. കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് പുറമെ സമീപപ്രദേശങ്ങളിലായി തിങ്കളാഴ്ച്ച നാല് പേർക്ക് കൂടി തെരുവുനായകളുടെ കടിയേറ്റിരുന്നു.

അറവുമാലിന്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും രാത്രിയുടെ മറവിൽ വഴിയോരങ്ങളിൽ തള്ളുന്നതാണ് തെരുവുനായ ശല്യത്തിന് പ്രധാനകാരണമെന്നാണ് ആക്ഷേപം. തദ്ദേശസ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമെല്ലാം പലയിടത്തും സി.സി ടി.വികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും പ്രവർത്തനഹിതമാണ്. ഈ സാഹചര്യത്തിലാണ് വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നത്.

തെരുവുനായ ആക്രമണം:

നിൽപ്പുസമരവുമായി ജനസേവ തെരുവുനായ വിമുക്ത കേരളസംഘം

ആലുവ: നഗരത്തിൽ തെരുവുനായ ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ജനസേവ തെരുവനായ വിമുക്ത കേരള സംഘം നഗരസഭ കാര്യാലയത്തിന് മുമ്പിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. തെരുവ് നായ്ക്കളുടെ ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ നഗരസഭ അടിയന്തിര നടപടിയെടുക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡോ. ടോണി ഫെർണാണ്ടസ് പറഞ്ഞു.

തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി അദ്ധ്യക്ഷത വഹിച്ചു.

തെരുവുനായക്കൾക്ക് ഷെൽട്ടർ സ്ഥാപിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ നൽകാമെന്ന് ജോസ് മാവേലി

തെരുവുനായ്ക്കളെ ഷെൽട്ടറുകളിൽ പാർപ്പിക്കാൻ താല്പര്യമുള്ള ബി.പി.എൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് മാസം 1000 രൂപ വീതം നായ സംരക്ഷണത്തിന് നൽകാൻ തയ്യാറാണെന്ന് ജോസ് മാവേലി അറിയിച്ചു.