മൂവാറ്രുപുഴ : ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് നാമനിർദേശ പത്രിക സമർപ്പിച്ചു. എൽ.ഡി.എഫ് നേതാക്കളോടൊപ്പം ഇന്നലെ രാവിലെ 11ന് പൈനാവിലെ കലക്ടറേറ്റിലെത്തിയ ജോയ്സ് ജോർജ് വരണാധികാരിയായ കലക്ടർ ഷീബാ ജോർജിന് മൂന്നു സെറ്റ് പത്രികയാണ് സമർപ്പിച്ചത്. രാവിലെ 9.30 ഓടെ തങ്കമണി സഹ്യ ടീ ഫാക്ടറിയിലെ തൊഴിലാളികൾ കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാർഥിക്ക് കൈമാറി. തുടർന്ന് വെള്ളാപ്പാറ ചെമ്പൻ കൊലുമ്പൻ സമാധിയിലെത്തി പുഷ്പചക്രം അർപ്പിച്ചു. കൊലുമ്പൻ കോളനി ഊര് മൂപ്പൻ ടി.വി. രാജപ്പന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തി. കൊലുമ്പന്റെ ഇഷ്ടനിവേദ്യമായ മുറുക്കാൻ ജോയ്സ് സമാധിയിൽ സമർപ്പിച്ചപ്പോൾ ഊര് മൂപ്പൻ ജോയ്‌സിന് ദക്ഷിണയും സമർപ്പിച്ചു . തുടർന്ന് സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി നേതാക്ക ളോടൊപ്പം പ്രവർത്തകർക്കൊപ്പം പ്രകടനമായി കലക്ടറേറ്റിലേക്ക് നീങ്ങി . രാവിലെ വാഴത്തോപ്പ് സെന്റ് ജോർജ് കാത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാനയിൽ കുടുംബവുമായി പങ്കെടുത്ത ശേഷം പിതാവിന്റെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു. തുടർന്ന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചശേഷമാണ് വീട്ടിൽ നിന്നും പുറപ്പെട്ടത് . സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി. മന്ത്രി റോഷി അഗസ്റ്റിൻ, എം.എം മണി എം.എൽ.എ, എൽ.ഡി.എഫ് നേതാക്കളായ കെ. കെ .ജയചന്ദ്രൻ, കെ. സലിംകുമാർ എന്നിവർ സ്ഥാനാർഥിക്കൊപ്പം കലക്ടറുടെ ചേംബറിലെത്തി. എൽ.ഡി.എഫ് നേതാക്കളായ സി. വി .വർഗീസ്, റോമിയോ സെബാസ്റ്റ്യൻ, ജോസ് പാലത്തിനാൽ, അനിൽ കൂവപ്ലായ്ക്കൻ, കെ .പി .മേരി, എം .ജെ .മാത്യു കെ .എൻ. റോയ്, പി. പളനിവേൽ, സി .എം .അസീസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.