
കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി കെ.ജെ.ഷൈൻ, ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ, ഇടുക്കി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് , യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് എന്നിവർ ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
കെ.ജെ.ഷൈൻ (സി.പി.എം), സിറിൽ സ്‌കറിയ (സ്വതന്ത്രൻ), ബ്രഹ്മകുമാർ (സോഷ്യൽ യൂണിറ്റി സെന്റർ ഒഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ്), ഇടതുമന്നണിക്കുവേണ്ടി ഡമ്മിയായ ടെസി (സി.പി.എം) എന്നിവരാണ് ഇന്നലെ എറണാകുളം മണ്ഡലം വരണാധികാരിയും ജില്ലാകളക്ടറുമായ എൻ.എസ്.കെ. ഉമേഷ് മുമ്പാകെ പത്രിക സമർപ്പിച്ചത്.
കെ.ജെ. ഷൈൻ മൂന്ന് സെറ്റും ടെസി രണ്ട് സെറ്റ് പത്രികയും ബ്രഹ്മകുമാർ ഒരു സെറ്റ് പത്രികയും സമർപ്പിച്ചു. സിറിൽ സ്‌കറിയ മാർച്ച് 28 ന് സമർപ്പിച്ചത് കൂടാതെയാണ് ഇന്നലെ ഒരു സെറ്റ് പത്രിക കൂടി സമർപ്പിച്ചത്.
ചാലക്കുടി മണ്ഡലം മണ്ഡലത്തിൽ ബെന്നി ബെഹനാൻ (യു.ഡി.എഫ്), ഉണ്ണിക്കൃഷ്ണൻ (എൻ.ഡി.എ), റോസിലിൻ ചാക്കോ (ബഹുജൻ സമാജ് പാർട്ടി) എന്നിവരും എൻ.ഡി.എ ഡമ്മി സ്ഥാനാർത്ഥിയായി സി.ജി. അനിൽകുമാർ (ബി.ഡി.ജെ.എസ്) എന്നിവരും വരണാധികാരിയും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമായ ആശാ സി. എബ്രഹാം മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബെന്നി ബെഹനാൻ മൂന്ന് സെറ്റ് പത്രികയും സി.ജി. അനിൽകുമാർ, റോസിലിൻ ചാക്കോ എന്നിവർ ഓരോ സെറ്റ് പത്രിക വീതമാണ് സമർപ്പിച്ചത്. ഉണ്ണിക്കൃഷ്ണൻ ചൊവ്വാഴ്ച സമർപ്പിച്ച പത്രികക്ക് പുറമേയാണ് ഇന്നലെ ഒരു സെറ്റ് പത്രിക കൂടി നല്കിയത്.
ഇടുക്കിയിൽ അഡ്വ. ജോയ്സ് ജോർജും അഡ്വ. ഡീൻ കുര്യാക്കോസും കളക്ടർ ഷീബ ജോർജിനാണ് പത്രിക സമർപ്പിച്ചത്.