കൊച്ചി: ചാലക്കുടിയിൽ പൊതുപര്യടനം ആരംഭിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ്. നാമനിർദ്ദേശപത്രിക സമർപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ.
എൽ.ഡി.എഫ്. സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് തുറന്ന വാഹനത്തിൽ പൊതുപര്യടനം ആരംഭിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ ചേലക്കുളത്ത് വ്യവസായമന്ത്രി പി. രാജീവ് പൊതുപര്യടനം ഉദ്ഘാടനം ചെയ്തു.
ഐക്കരനാട്, മഴുവന്നൂർ, പൂതൃക്ക, വടവുകോട് പുത്തൻകുരിശ്, തിരുവാണിയൂർ, കിഴക്കമ്പലം പഞ്ചായത്തുകളിൽ 47 സ്ഥലങ്ങളിൽ രവീന്ദ്രനാഥിന് സ്വീകരണം നൽകി. പൂക്കളും പഴവർഗങ്ങളും തൊപ്പിയും ഷാളും പുസ്തകങ്ങളും നൽകിയായിരുന്നു സ്വീകരണം. രാത്രി വൈകി പുലിയാമ്പിള്ളിമുകളിലാണ് പര്യടനം അവസാനിച്ചത്. ഇന്ന് കൈപ്പമംഗലം മണ്ഡലത്തിലണ് പൊതുപര്യടനം നടത്തുന്നത്.
യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ വരണാധികാരിയായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന് പത്രിക സമർപ്പിച്ചു. കാക്കനാട്ടെ കോൺഗ്രസ് ഓഫീസിൽ നിന്ന് പ്രകടനമായാണ് എത്തിയത്.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ജെ. ജോയ്, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സനീഷ് ജോസഫ്, ടി.ജെ. വിനോദ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.