കൊച്ചി : കണ്ണങ്ങാട്ട് ദേവി ക്ഷേത്രത്തിൽ താമരപ്പൂക്കൾ സമർപ്പിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണനും കൂനമ്മാവ് സെന്റ് ജോസഫ് പള്ളിയിൽ മുൻ ധനകാര്യമന്ത്രി കെ.ടി. ജോർജിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തി യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും ഇന്നലത്തെ പ്രചാരണത്തിന് തുടക്കമിട്ടപ്പോൾ തീരദ്ദേശമേഖല ഇളക്കിമറിച്ച് ട്വന്റി20 സ്ഥാനാർത്ഥി അഡ്വ. ആന്റണി ജൂഡിയും കളം നിറഞ്ഞുനിന്നു.

വൈപ്പിൻ ഫെറി, ഗോശ്രി, മുരിക്കുംപാടം, ബെൽബോ ജംക്ഷൻ, തെക്കേ മാലിപ്പുറം, പുതുവൈപ്പ് എന്നീ പ്രദേശങ്ങളിലൂടെ ആരംഭിച്ച പര്യടനം മാലിപ്പുറം പഞ്ചായത്ത് പിന്നിട്ട് ഇളംകുന്നപ്പുഴ പ്രദേശത്ത് പര്യടനം നടത്തിയ ആന്റണി ജൂഡി പുതുവൈപ്പ് എസ്.എൻ.ഡി.പി യോഗം ഗുരുമന്ദിരത്തിൽ നടന്ന വിവാഹചടങ്ങിലും പങ്കെടുത്തു.

ദേവാലയങ്ങളിലും സാമുദായിക സംഘടനകളുടെ ഓഫീസുകളിലും കൂടിയുള്ള ഓരോട്ട പ്രദക്ഷിണമായിരുന്നു ഡോ. രാധാകൃഷ്ണന്റെ പ്രധാന പരിപാടി. കണ്ണങ്ങാട്ട് ദേവി ക്ഷേത്രം, കോണം ശ്രീമുരുകാത്ഭുത ശിവക്ഷേത്രം, ശ്രീകൃഷ്ണ ധർമ്മപരിപാലന യോഗം, ഇടക്കൊച്ചി ജ്ഞാനോദയസഭ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശിച്ചു.
പള്ളുരുത്തി കച്ചേരിപ്പടിയിലുള്ള സെന്റ്. അഗസ്റ്റിൻസ് കോൺവെന്റിലെത്തി. കുമ്പളം സദാനന്ദൻ (സ്‌കൂൾ അദ്ധ്യാപകൻ), ധീവരസഭ യോഗം പ്രസിഡന്റ് സദൻ, റിട്ട. കോളേജ് പ്രിൻസിപ്പൽ, പ്രൊഫ.
കുഫോസ് മുൻ വി.സി ഡോ. മധുസൂദനക്കുറുപ്പ്, കലാലയ വിദ്യാഭ്യാസ കാലത്തെ സഹപാഠിയായിരുന്ന പ്രൊഫ. ഗോപിനാഥ് എന്നിവരെ സന്ദർശിച്ചു. പനങ്ങാട് ഗണേശാനന്ദ സഭ, നെട്ടൂർ വിജ്ഞാനോദയം ധീവര സഭ, നെട്ടൂർ കോൺവെന്റ്, മരട് കോൺവെന്റ്, കൊട്ടാരം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശിച്ചു. വൈകിട്ട് മുനമ്പത്ത് ഭൂ സംരക്ഷണ സമിതിയുടെ യോഗത്തിലും ഡോ.കെ.എസ്. രാധാകൃഷ്ണൻ പങ്കെടുത്തു.

ഏഴിക്കര, കളമശേരി, മഞ്ഞുമ്മൽ ഭാഗങ്ങളിലാണ് ഹൈബി ഈഡൻ ഇന്നലെ പ്രചാരണം നടത്തിയത്. പ്രമുഖ വ്യക്തികളെ നേരിട്ട് കണ്ടും സ്ഥാപനങ്ങൾ കയറിയും പിന്തുണ ഉറപ്പിച്ചു. ഏഴിക്കരയിൽ കടകളിലും കയറിയും വീടുകളിലും കയറി വോട്ടഭ്യർത്ഥിച്ചു. കളമശേരിയിൽ എൻ.എ.ഡി അടക്കമുള്ള സ്ഥാപനങ്ങളും സന്ദർശിച്ചു. അഭിഭാഷകർ എറണാകുളത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിലും മഞ്ഞുമ്മൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിലും ഹൈബി ഈഡൻ പങ്കെടുത്തു.