കിഴക്കമ്പലം: ലോകസഭാ തിരഞ്ഞെടുപ്പ് മറയാക്കി കുന്നത്തുനാട്ടിൽ വ്യാപക മണ്ണെടുപ്പ്. സർക്കാർ ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയാണ് മണ്ണ് മാഫിയ മുതലാക്കുന്നത്. കുന്നത്തുനാട് പഞ്ചായത്തിലെ വാലേത്തുപടി, പെരിങ്ങാല കോഴിമല, മനയ്ക്കക്കടവ് മനയ്ക്കേക്കര മല, തിരുവാണിയൂർ പഞ്ചായത്തിലെ വെല്ലുകുഴി മല എന്നിവിടങ്ങളിലാണ് പെർമിറ്റ് ലംഘനം നടത്തി മണ്ണെടുപ്പ് നടക്കുന്നത്. പഴന്തോട്ടത്ത് വൻ തോതിൽ മണ്ണ് ഖനനത്തിനുള്ള തയ്യാറെടുപ്പുകളും നടന്നു വരികയാണ്. കെട്ടിട നിർമ്മാണത്തിനെന്ന പേരിൽ നേടിയെടുക്കുന്ന പെർമിറ്റിൽ വ്യാപക തിരിമറി നടത്തിയാണ് മണ്ണെടുപ്പ്. പഞ്ചായത്തിൽ കെട്ടിട നിർമ്മാണത്തിന് സമർപ്പിക്കുന്ന അപേക്ഷയിൽ പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും നൽകുന്ന അനുമതിയുടെ മറവിൽ ജിയോളജി വകുപ്പിൽ നിന്നും സംഘടിപ്പിക്കുന്ന പാസ് വഴിയാണ് മണ്ണെടുപ്പ് നടക്കുന്നത്. കെട്ടിടം പണിക്കായി മണ്ണ് മാറ്റണമെന്ന് പഞ്ചായത്തിന്റെ നിർദ്ദേശമാണ് മണ്ണെടുപ്പിലൂടെ അട്ടിമറിക്കുന്നത്. നിശ്ചിത പാസാണ് മണ്ണെടുക്കാനായി ജിയോളജി വകുപ്പ് നൽകുന്നത്. ഇത് മണ്ണ് കയറ്റി പോകുന്ന ഓരോ ലോഡിന് നൽകണമെന്നാണ് ചട്ടം. എന്നാൽ രാവിലെ ഒരു പാസ് നൽകി മണ്ണെടുത്ത് പോയ സമയം അടയാളപ്പെടുത്താതെ കൈയിൽ കരുതും. ഇതേ പാസ് കൊണ്ട് വൈകുന്നേരം വരെ നൂറ് കണക്കിന് ലോഡ് അനധികൃതമായി കടത്തുന്നതാണ് രീതി. രാവിലത്തെ ട്രിപ്പിൽ തന്നെ പൊലീസ് പരിശോധന നടത്തി ലഭിക്കുന്ന പെറ്റി രസീത് ഉപയോഗിച്ച് വൈകുന്നേരം വരെയുള്ള പരിശോധനകൾ ഒഴിവാകും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് മണ്ണെടുക്കാൻ അനുമതി. എന്നാൽ രാത്രികാലങ്ങളിലും മണ്ണെടുപ്പ് നിർബാധം തുടരുകയാണ്. ഇതിനിടെ റോഡിൽ വീഴുന്ന മണ്ണുകളും പൊടികളും നീക്കം ചെയ്യാൻ പുലർച്ചെ തന്നെ റോഡ് കഴുകി വൃത്തിയാക്കുന്നതിനാൽ മണ്ണെടുപ്പ് ആരും ശ്രദ്ധിക്കാറുമില്ല. ഇത്തരത്തിൽ വിദഗ്ധമായി മറയൊരുക്കിയാണ് മണ്ണെടുപ്പ് തുടരുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ മുന്നണി നേതാക്കളെ മണ്ണ് മാഫിയകൾ സാമ്പത്തികമായി സഹായിക്കുന്നതിനാൽ പാർട്ടി നേതാക്കളും പ്രവർത്തകരും പ്രതിഷേധിക്കാറുമില്ല. മണ്ണെടുപ്പിന്റെ പരിണിത ഫലമായി ഓരോ വേനലിലും കുടിവെള്ള ക്ഷാമം പതിന്മടങ്ങ് രൂക്ഷമാകുന്നത് ആശങ്കപ്പെടുത്തുന്നതാണ്.

അനധികൃത മണ്ണെടുപ്പിന് എല്ലാവിധ സഹായവും നൽകുന്നത് റവന്യൂ, പഞ്ചായത്ത് അധികൃതർ- നാട്ടുകാർ

പരിശോധന നാമമാത്രം

ലോക്കൽ പൊലീസിനും കൺട്രോൾ റൂം പരിശോധകർക്കും കൃത്യമായി മാസപ്പടി

സ്റ്റേഷനിലെ പുറം ചിലവും മണ്ണ് മാഫിയ വക

ലോഡ് അനുസരിച്ച് കൃത്യമായ തുക സ്റ്റേഷനിലെത്തും